ന്യൂഡൽഹി: ലോക്‌സഭയിൽ നടന്ന പ്രതിഷേധത്തിനിടെ കേന്ദ്ര മന്ത്രിമാർ വനിതാ എംപിമാരെ ആക്രമിച്ചതായി തൃണമൂൽ കോൺഗ്രസിന്റെ പരാതി. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവിനും രവ്നീത് സിംഗ് ബിട്ടുവിനും എതിരെയാണ് തൃണമൂൽ കോൺഗ്രസ് പരാതി നൽകിയത്. പാർട്ടിയുടെ വനിതാ എംപിമാരായ മിതാലി ബാഗ്, ശതാബ്‌ദി റോയി എന്നിവരെ ആക്രമിച്ചതായാണ് പരാതി.
തൃണമൂൽ എംപിമാർ ലോക്‌സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്ന തിനിടെയായിരുന്നു സംഭവമെന്ന് ടിഎംസി എംപി കല്യാൺ ബാനർജി പറഞ്ഞു. ആരോപിതരായ മന്ത്രിമാർ രാജിവെക്കണമെന്നും ടിഎംസി ആവശ്യപ്പെട്ടു.
ബില്ലിനെതിരെ പ്രതിഷേധിച്ചു കൊണ്ടിരിക്കെ കേന്ദ്രമന്തിരമാരായ രവ്നീത് സിംഗ് ബിട്ടുവും കിരൺ റിജിജുവും എന്നെ ആക്രമിച്ചു. അവർ എന്നെ തള്ളി മാറ്റി, ഇത് അപലപനീയമാണ്. മിതാലി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മാസം തുടർച്ചയായി ജയിലിൽ കഴിയുന്ന പക്ഷം ഏത് മന്ത്രിമാരെയും നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഇന്ന് കേന്ദ്രം ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പ്രതിപക്ഷം ഇന്ന് സഭയിൽ നടത്തിയത്.