41.6 C
Saudi Arabia
Friday, August 22, 2025
spot_img

ഗാസയിൽ കടുത്ത പട്ടിണി; ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ യുഎൻ ഏജൻസി

ജനീവ: ഗാസയിൽ കടുത്ത പട്ടിണിയും ദാരിദ്ര്യവുമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎൻ ഏജൻസി. ആഗോള പട്ടിണി നിരീക്ഷണ സ്ഥാപനമായ ഇന്റഗ്രേറ്റഡ് ഫുഡ് ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) ആണ് പ്രഖ്യാപനം നടത്തിയത്. ആദ്യമായാണ് ഒരു യുഎൻ ഏജൻസിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരുപ്രസ്താവന ഉണ്ടാവുന്നത്. ഗാസ നഗരത്തിലും പരിസര പ്രദേശങ്ങളിലും ക്ഷാമം രൂക്ഷമാണെന്ന് ഐപിസി വെള്ളിയാഴ്‌ച രാവിലെ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഏകദേശം 5,00,000 ഫലസ്‌തീനികളെ കുടിയിറക്കപെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗാസയിലുടനീളം പട്ടിണി ആസന്നമാണെന്ന് സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഭക്ഷണ ക്ഷാമത്തിന്റെയും പട്ടിണിയുടെയും തീവ്രത തരം തിരിക്കുന്നതിനായി ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട സംവിധാനമാണ് ഐപിസി. സംഘടന 2004 ൽ രൂപീകൃതമായെങ്കിലും അഞ്ച് ക്ഷാമങ്ങൾ മാത്രമാണ് സംഘടന റിപ്പോർട്ട് ചെയ്‌തത്‌. കഴിഞ്ഞ വർഷം സുഡാനിലായിരുന്നു അവസാനമായി സംഘടന ഭക്ഷ്യക്ഷാമം റിപ്പോർട്ട് ചെയ്‌തത്‌.

മൂന്ന് മാനദണ്ഡങ്ങൾ പ്രകാരമാണ് ഐപിസി ഒരു രാജ്യത്തെ പട്ടിണി പ്രഖ്യാപിക്കുന്നത്. 20 ശതമാനം കുടുംബങ്ങളിലെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുക, 30 ശതമാനം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുക, പൂർണമായ പട്ടിണി മൂലം ഓരോ ആയിരത്തിൽ രണ്ടുപേരും ദിവസവും മരണപ്പെടുക.

22 മാസമായി ഫലസ്‌തീൻ ജനതക്ക് മേലെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ അര ദശലക്ഷത്തിലധികം ആളുകൾ പട്ടിണി, ദാരിദ്ര്യം, മരണം എന്നിവയാൽ വിനാശകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നുവെന്ന് ഐപിസി ബ്രീഫിംഗിൽ പറഞ്ഞു. നിലവിലെ സ്ഥിതിയനുസരിച്ചു സെപ്റ്റംബർ അവസാനത്തോടെ മധ്യ ഗാസയിലെ ദയർ അൽ ബാലാഹ്, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് എന്നിവിടങ്ങളിലേക്ക് പട്ടിണി വ്യാപിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

മാർച്ച് മുതൽ ഗാസയിലേക്കുള്ള ഭക്ഷണ, മാനുഷിക സഹായ വിതരണങ്ങൾ എത്തിക്കുന്നതിന് പൂർണമായും ഇസ്രായേൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഗാസ മുനമ്പിലെ ഏതാണ്ട് 3,20,000 കുട്ടികൾ കടുത്ത പോഷകാഹാര കുറവിന് ഇരയാകുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. ശുദ്ധജലം, മുലപ്പാലിന് പകരമുള്ള ഭക്ഷ്യവസ്‌തുക്കൾ, ഡയറ്റ് തുടങ്ങിയവയുടെ അഭാവം ഇവിടെ ഭീകരമായ സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles