കോഴിക്കോട്: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഖ്യം (ജെആർപി) എൻഡിഎ വിട്ടു. എൻഡിഎയിൽ നിന്നും നേരിടുന്ന അവഗണനയാണ് സഖ്യം വിടാൻ പ്രേരിപ്പിച്ചതെന്ന് ജാനു വ്യക്തമാക്കി. ഇതിനെ തുടർന്ന് സികെ ജാനു ഉൾപ്പടെയുള്ള ജെആർപി പ്രവർത്തകർ എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു.
ഇന്ന് കോഴിക്കോട് ചേർന്ന ജെആർപിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇങ്ങിനെയൊരു തീരുമാനം കൈകൊണ്ടത്. മുന്നണി മര്യാദകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് യോഗം വ്യക്തമാക്കി. സികെ ജാനു യോഗത്തിൽ അധ്യക്ഷം വഹിച്ചു.
നിലവിൽ പാർട്ടി സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റു മുന്നണികളുമായി സഹകരിക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ജാനു പറഞ്ഞു.