തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിഎസ് സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച പോലീസുകാർക്ക് സസ്‌പെൻഷൻ. നാല് പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
എസ്‌ഐ നുഅമാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. പോലീസുകാർക്കെതിരെയും കോടതി ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി ഉത്തര മേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പോലീസുകാരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്‌തിരുന്നു.
ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് പോലീസ് മേധാവി രവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു, ഡിഐജി ഹരി ശങ്കരാണ് ഉത്തര മേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയത്. സുജിത്തിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.ഇതിന് പിന്നാലെയാണ് പോലീസുകാർ ക്കെനെതിരെ നടപടി സ്വീകരിച്ചത്.
2023 ഏപ്രിൽ അഞ്ചിനായിരുന്നു സുജിത്തിനെ പോലീസ് സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിച്ചത്. തൃശൂർ ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, യൂത്ത് കോൺഗ്രസ് നേതാവായിരുന്ന സുജിത് കാരണം തിരക്കാൻ ശ്രമിച്ചതാണ് ക്രൂരമർദ്ദനത്തിന് ഇരയാവാൻ കാരണം. ഇത് ഇഷ്ടപെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്‌ഐ നുഅമാൻ, സുജിത്തിനെ പോലീസ് ജീപ്പിൽ സ്റ്റേഷനിൽ കൊണ്ടുപോയി. ഷർട്ട് ഊരിമാറ്റിയ നിലയിൽ സ്റ്റേഷനിലെത്തിച്ച സുജിത്തിനെ മൂന്നിലധികം പോലീസുകാർ ചേർന്ന് വളഞ്ഞു മർദ്ദിച്ചു. സ്റ്റേഷനിൽ വെച്ച് കുനിച്ചു നിർത്തി സുജിത്തിന്റെ പുറത്തും മുഖത്തും ഉൾപ്പടെ അടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മദ്യപിച്ച് പ്രശ്‍നമുണ്ടാക്കി, പോലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്‌തുവെന്ന വ്യാജ എഫ്‌ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടക്കാനായിരുന്നു പോലീസിൻറെ നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലായി. തുടർന്ന് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചിരുന്നു.