ദുബൈ: ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനകളെയും ശക്തമായി അപലപിച്ച് യുഎഇ. ഇതിന്റെ ഭാഗമായി യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യുഎഇയിലെ ഇസ്രായേലി ഡെപ്യൂട്ടി മിഷൻ ഡേവിഡ് ഒഹാദ് ഹോർസാൻഡിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ദോഹയിലെ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനമാണെന്നും മന്ത്രി അൽ ഹാഷിമി വ്യക്തമാക്കി. ഇത്തരം നടപടികൾ പ്രാദേശിക, അന്തർ ദേശീയ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയുയർത്തുന്ന നിരുത്തരവാദപരമായ പ്രവർത്തനമാണെന്നും അവർ കുറ്റപ്പെടുത്തി.
ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രി വ്യക്തമാക്കി. ജിസിസി അംഗരാജ്യങ്ങൾക്കെതിരായ ഏത് അക്രമവും ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ സുരക്ഷകൂടിനെതിരായ അക്രമമായി കണക്കാക്കുമെന്നും അവർ വ്യക്തമാക്കി.
ഇസ്രയേലിന്റെ ശത്രുതാപരമായും പ്രകോപനപരവുമായ പ്രസ്‌താവനകൾ മേഖലയിലെ സ്ഥിരതയെ ദുർബലപ്പെടുത്തുകയും അപകടകരവുമായ സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ അവഗണിക്കാനാവാത്തതാണെന്നും അസ്വീകാര്യവുമാണെന്നും അവർ കൂട്ടിച്ചേർത്തു.