ദുബൈ: ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നടപടിയെടുക്കാത്തതിൽ യുഎൻ സുരക്ഷാ കൗൺസിലിനെ ശക്തമായി വിമർശിച്ച് യുഎഇ. മേഖലയിലെ സമാധാനത്തിനും പ്രാദേശിക സ്ഥിരതക്കും ഭീഷണിയുയർത്തുന്നതാണ് ഇസ്രായേൽ ആക്രമണമെന്ന് യുഎഇ വ്യക്തമാക്കി.
“ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം സ്ഫോടനാത്മകമായ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നു”. വ്യാഴാഴ്‌ച യുഎൻ സുരക്ഷാ കൗൺസിലിൻറെ അടിയന്തിര യോഗത്തിൽ സംസാരിക്കവെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‌ടാവ് ഡോ.അൻവർ ഗർഗാഷ് പറഞ്ഞു.
“യുഎൻ ചാർട്ടറിന്റെ അടിസ്ഥാന തത്വങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന ഇസ്രയേലിനെതിരെ നിർണായകമായ നടപടികൾ എടുക്കുന്നതിൽ പരാചയപ്പെട്ടിരിക്കുന്നു.” അദ്ദേഹം കുറ്റപ്പെടുത്തി.
ചൊവ്വാഴ്‌ച ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഗർഗേഷ് ചൂണ്ടിക്കാട്ടി. “ഈ ആക്രമണം കൂടുതൽ അക്രമവും തീവ്രവാദവും അരാജകത്വവും വളർത്തുന്നു. മേഖലയുടെ സമാധാനത്തിന് വെടിനിർത്തലും ചർച്ചകളും ആവശ്യമുള്ള ഈ വേളയിൽ ഇത് ശരിയല്ല.” ഗർഗാഷ് പറഞ്ഞു.
“ഫലസ്‌തീന്റെ ഭൂമി പിടിച്ചെടുക്കുമെന്ന ഭീഷണിയും അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണവും ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങളെ തകർക്കുകയും മേഖലയുടെ സ്ഥിരതയെ അപകടത്തിലാക്കുകയും ചെയ്യും” ഗർഗാഷ് വ്യക്തകമാക്കി.