തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ 17 കാരനാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആക്കുളം ടൂറിസ്ററ് വില്ലേജിലെ സ്വിമ്മിങ് പൂളിൽ സുഹൃത്തുക്കൾക്കൊപ്പം കുട്ടി കുളിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വിമ്മിംഗ് പൂൾ ആരോഗ്യ വകുപ്പ് പൂട്ടി. ആരോഗ്യ വകുപ്പ് വെള്ളത്തിൻറെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 66 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം രണ്ട് കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. 19 പേർക്കാണ് ഈ മാസം രോഗം കണ്ടെത്തിയത്. 66 പേർക്ക് ഈ വർഷം അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുകയും ഇതിൽ 17 പേർ മരണപ്പെടുകയും ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.