കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ബിൽ ഭാഗികമായി സ്റ്റേ ചെയ്‌ത സുപ്രീം കോടതി നടപടി പ്രതീക്ഷ നൽകുന്നതാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
വഖഫിൻറെ സുതാര്യതയെയും സ്വഭാവത്തെയും തകർക്കും വിധം തയ്യാറാക്കിയ ഭേദഗതി ബില്ലിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്‌ത നടപടി ഭരണാവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങൾക്കും കരുത്തു പകരുന്നതാണ്.
വഖഫ് നിയമത്തിലെ പരിധിവിട്ട കൈകടത്തലുകൾ മതം അനുഷ്ഠിക്കാൻ പൗരന്മാർക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെയാണ് ആത്യന്തികമായി ഹനിക്കുന്നത്. ഇത് രാജ്യത്തെ പൗരാവകാശത്തെയും സഹിഷ്‌ണുതയെയും തന്നെയായിരുന്നു ചോദ്യം ചെയ്‌തിരുന്നത്.
സുപ്രീം കോടതി നടപടി ജനാതിപത്യ വിശ്വാസികൾക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നു. ഈ വിഷയത്തിൽ ജനാധിപത്യപരവും സമാധാന പൂർണവുമായ പക്വമായ ഇടപെടലുകൾ എല്ലാവരുടെയും ഭാഗത്തുനിന്നും ഇനിയും ഉണ്ടാവണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി പറഞ്ഞു.