ഗാസ:ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ ദോഹയിൽ അറബ് ഉച്ചകോടി നടന്നു കൊണ്ടിരിക്കെ ഗാസ സിറ്റിയിൽ ഇസ്രായേൽ ആക്രണം കടുപ്പിച്ചു. ഇന്ന് മാത്രം 53 പേരെയാണ് സൈന്യം കൊന്നൊടുക്കിയത്. 30 പാർപ്പിട സമുച്ചയങ്ങളാണ് ബോംബിട്ട് തകർത്തത്.
ഈ മാസത്തിൽ മാത്രം 1600 പാർപ്പിട കേന്ദ്രങ്ങളും 13000 അഭയാർഥി കൂടാരങ്ങളുമാണ് ഇസ്രായേൽ തകർത്തതെന്ന് ഗാസ അധികൃതർ അറിയിച്ചു. പട്ടിണി മൂലം ഇന്നലെയും രണ്ട് പേർ മരണത്തിന് കീഴടങ്ങി. പട്ടിണി മൂലം 145 കുട്ടികളടക്കം 422 പേർക്കാണ് ഗാസയിൽ ജീവൻ നഷ്‌ടമായത്.
ഇസ്രായേൽ ആക്രമണത്തിൽ 64,871 പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്. അതേസമയം ബന്ദി മോചനം വേഗത്തിലാക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ ഇസ്രായേലിൽ എത്തിയിട്ടുണ്ട്.