കണ്ണൂർ: ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട 15 കാരിയെ പ്രണയം നടിച്ചു വിവാഹവാഗ്ദാനം നൽകി യുവാവ് പീഡിപ്പിച്ചു. എലിവിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ. . പെൺകുട്ടിയെ പീഡിപ്പിച്ച കാസർകോട് പുല്ലൂർ കൊടവാളം ഹൗസിൽ കെ ദേവാനന്ദനെ (20) പോലീസ് പിടികൂടി.
കൂട്ടുകാരിയുടെ വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചു വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ കാഞ്ഞങ്ങാട് ടൗണിലെ ലോഡ്‌ജിലെത്തിച്ചു പീഡിപ്പിച്ചു എന്നാണ് കേസ്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കാഞ്ഞങ്ങാട് ടൗണിലെ ലോഡ്‌ജിൽ രണ്ട് ദിവസം പെൺകുട്ടിയുമായി ദേവാനന്ദൻ താമസിച്ചിരുന്നു. കൂട്ടുകാരിയുടെ വീട്ടിലാണെന്ന് പെൺകുട്ടി അറിയിച്ചതിനാൽ വീട്ടുകാർ വിവരങ്ങൾ അറിഞ്ഞതുമില്ല.
ഇരുവരും വീട്ടിലേക്ക് മടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് പെൺകുട്ടി വിവാഹക്കാര്യം സംസാരിച്ചത്. വിവാഹം കഴിക്കാനാവില്ലെന്ന് ദേവാനന്ദൻ തീരുമാനം പറഞ്ഞതോടെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എലിവിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.