35 C
Saudi Arabia
Friday, October 10, 2025
spot_img

അയ്യപ്പസംഗമം മുഖ്യമന്ത്രിയുടെ കാപട്യം; കെസി വേണുഗോപാൽ

തിരുവനന്തപുരം: വിശ്വാസ സംരക്ഷണമെന്ന് പേരിൽ അയ്യപ്പസംഗമം നടത്തുന്നത് സർക്കാരിന്റെ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് പിണറായി വിജയൻ അവസാനിപ്പിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

ശബരിമലയിൽ ആചാര ലംഘനത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിന് നേതൃത്വം നൽകുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാർത്ഥതയില്ലായ്മയും കേരള ജനതക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രിക്കെയച്ച കത്തിൽ വേണുഗോപാൽ പറഞ്ഞു. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പമ്പയിലേക്ക് കാലുകുത്താൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പാപഭാരം കൊണ്ട് വിയർത്തുപോകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചർച്ച നടത്താതെ കോടതി വിധി നടപ്പാക്കാനായി സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ചത് വിശ്വാസികളുടെ മനസ്സിൽ മുറിവേൽപിച്ചിട്ടുണ്ട്. അതിന് കാരണക്കാരനായ ആളുതന്നെ ഇന്ന് ആചാര സംരക്ഷണ ത്തിനെന്ന പേരിൽ അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണെന്നും കെസി പറഞ്ഞു.

ജനങ്ങളെ വിഡ്ഢികളാക്കി ഇത്തരമൊരു പ്രഹസനം നടത്തുന്നത് ലജ്ജാകരമാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ കഴിഞ്ഞ ഒൻപത് വർഷങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള വികസനം ഉണ്ടായിട്ടില്ല. കുടിവെള്ളം പമ്പാശുചീകരണം, ജനത്തിരക്ക് നിയന്ത്രണം, ഗതാഗത സംവിധാനം എന്നിവ ഒരുക്കുന്നതിൽ സർക്കാർ അലംഭാവം തുടരുകയെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി,

ഭക്തർ ഭഗവാന് സമർപ്പിക്കുന്ന സ്വർണം പോലും സംരക്ഷിക്കാൻ കഴിയാത്ത ഈ സർക്കാരിന് എങ്ങിനെയാണ് ഭക്തരുടെ വിശ്വാസം നേടിയെടുക്കാവുക എന്നും എംപി ചോദിച്ചു. വൈരുദ്ധ്യാത്മക ഭൗദ്ധിക വാദത്തിൽ നിന്നുള്ള സിപിഎമ്മിന്റെ വ്യതിചലനത്തിന്റെ സൂചനയാണോ ഈ അയ്യപ്പ സംഗമെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ നിലപാട് മാറുമോ എന്നും വേണുഗോപാൽ ചോദിച്ചു.

യുവതീ പ്രവേശനസമയത് പ്രതിഷേധിച്ച ശബരിമല തന്ത്രിയെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇപ്പോഴെങ്കിലും മാപ്പുപറയാൻ തയ്യാറാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles