ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന്. 2023ലെ പുരസ്‌കാരത്തിനാണ് മോഹൻലാൽ അർഹനായത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹൻലാലിന്റേതെന്ന് ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.
23ന് നടക്കുന്ന എഴുപത്തിഒന്നാമത് നാഷണൽ ഫിലിം അവാർഡ് പരിപാടിയിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നു. അദ്ദേഹത്തിൻറെ അതുല്യമായ പ്രതിഭ, വൈദഗ്ദ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണ സ്ഥാനം നേടിയെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
കഴിഞ്ഞ വർഷത്തെ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനാണ് ഇതിന് മുമ്പ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മലയാളി. 2004 ലായിരുന്നു അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
നേട്ടത്തിന് പിന്നാലെ നിരവധി പേരാണ് മോഹൻലാലിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്. മോഹൻലാലിൻറെ നേട്ടം മലയാള സിനിമയുടെ അഭിമാനനിമിഷം എന്നാണ് സംവിധായകൻ കമൽ പറഞ്ഞത്. മോഹൻലാലിനെ ഒരു താരമായിമാത്രം കാണാനാകില്ലെന്നും ലോക സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാലെന്നും കമൽ പറഞ്ഞു.
രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദ സാഹേബ് ഫാൽക്കേയുടെ സ്‌മരണ നിലനിർത്തുന്നതിനാണ് കേന്ദ്ര സർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.