റിയാദ്: സൗദിയുടെ 95-ാമത് ദേശീയദിനം നാളെ വർണാഭമായി രാജ്യം ആഘോഷിക്കും. ആറ് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് വിവിധ നഗരങ്ങളിൽ നടക്കുന്നത്. പതിനാല് പ്രധാന നഗരങ്ങളിൽ വ്യോമ-നാവിക പ്രദർശനങ്ങൾ, വെടിക്കെട്ട്, പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികൾ എന്നിവ നടക്കും.
“നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിൽ” എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ ദേശീയദിന ആഘോഷങ്ങൾ നടക്കുന്നത്. ഉദാരത, അഭിലാഷം, ധൈര്യം, അന്തസ്, ആതിഥ്യം തുടങ്ങി സൗദികളുടെ ഗുണങ്ങളെ ഉയർത്തികാട്ടുന്നതാണ് ഈ വർഷത്തെ പ്രമേയം.
അബ്‌ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ ഹെജസും നജ്‌തും ഒന്നിപ്പിച്ച് സൗദി അറേബ്യ എന്ന രാജ്യം നിൽവിൽ വരുന്നത് 1932 ലാണ്. ഇതിന്റെ ഓർമ്മ പുതുക്കുന്നതാണ് സെപ്റ്റംബർ 23ലെ ദേശീയ ദിനാഘോഷം.
രാജ്യത്തിൻറെ ദർശനത്തിനും അഭിലാഷത്തിനും ജനങ്ങളുടെ ഭാവി വിജയങ്ങളിലേക്കും നേട്ടങ്ങളിലേക്കും നയിക്കുന്നതാണ് ദേശീയ ദിനാഘോഷങ്ങൾ. ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ നഗരങ്ങളിൽ സൗദി ഹോക്‌സിന്റെ വെടിക്കെട്ട്, ഡ്രോൺഷോ, ആകാശ പ്രദർശനങ്ങൾ എന്നിവ നടക്കും. പരമ്പരാഗത നൃത്തങ്ങൾ, സാംസ്‌കാരിക പ്രകടനങ്ങൾ കലാപ്രദർശങ്ങൾ തുടങ്ങിയ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
സ്വദേശി വിദേശി വ്യത്യാസമില്ലതെ മുഴുവൻ ജനങ്ങളും ആഘോഷങ്ങളിൽ പങ്കടുക്കും. ആഘോഷങ്ങളുടെ ഭാഗമായി സൈനിക വിമാനങ്ങൾ ആകാശത്ത് വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തും. ഫ്രിഗേറ്റുകളും പട്രോളിംഗ് ബോട്ടുകളും തീരങ്ങളിൽ നാവിക ശക്തി പ്രകടിപ്പിക്കും. സൈനിക വാഹനങ്ങളും മാർച്ചിങ് ബാൻഡുകളും അണിനിരക്കുന്ന ലാൻഡ് പരേഡുകൾ രാജ്യത്തിൻറെ കരുത്ത് കാണിക്കും. റോയൽ ഗാർഡ്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ്, സൗദി എയർലൈൻസ് എന്നിവയുടെ സഹകരണത്തോടെയായിരിക്കും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്യും.
ദേശീയദിനത്തിൽ രാത്രി ഒൻപത് മണിക്ക് റിയാദ്, ദമ്മാം, ജിദ്ദ മദീന, നജ്‌റാൻ തുടങ്ങിയ നഗരങ്ങളിൽ വെടിക്കെട്ട് ഉണ്ടായിരിക്കും. റിയാദിലെ ബിൻബാൻ ഹിസ്റ്റോറിക് ഏരിയ, ജിദ്ദയിലെ ആർട്ട് പ്രോമോണൈഡ്, ദമ്മാമിലെ കടൽ തീരം, മദീനയിലെ കിംഗ് ഫഹദ് സ്വാൻട്രൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഏഴ് മിനുട്ട് നീളുന്ന വെടിക്കെട്ട് നടക്കും