കൊച്ചി: കസ്‌റ്റംസ് നടത്തിയ ഓപ്പറേഷൻ നംഖോറിൽ ദുൽഖർ സൽമാൻറെ വാഹനം പിടിച്ചെടുത്തു. ഡിഫെൻഡർ വാഹനമാണ് അന്വേഷണസംഘം പിടിച്ചെടുത്തത്. ഇതിന് പുറമെ മറ്റു വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്നും നിർദ്ദേശം നൽകി.
കൊച്ചിയിൽ നിന്ന് രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഒന്ന് ദുൽഖറിന്റേതാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടങ്ങളിൽ നിന്നായി 11 വാഹങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ കോഴിക്കോട് വിമാനത്താവളത്തിനടുത്തുള്ള കസ്റ്റംസ് ഓഫീസിൽ എത്തിക്കുമെന്നാണ് അറിയുന്നത്. ഓപ്പറേഷൻ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിന് കസ്റ്റംസ് ഇന്ന് മാധ്യങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
റോയൽ ഭൂട്ടാൻ സൈന്യം ലേലത്തിൽ വിറ്റ 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്‌തു വലിയ വിലക്ക് ഇന്ത്യയിൽ വിറ്റെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇതിൽ 20 വാഹനങ്ങൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന റിപ്പോർട്ടിലാണ് കസ്റ്റംസ് കേരളത്തിൽ പരിശോധന നടത്തുന്നത്. ഇടനിലക്കാരെ കേന്ദ്രീകരിച്ചും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനയിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും കസ്റ്റംസും ചേർന്നാണ് പരിശോധന നടത്തുന്നത്.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്യുവികൾ, മഹീന്ദ്ര ടാറ്റ ട്രക്കുകൾ തുടങ്ങിയ വാഹനങ്ങളാണ് ഭൂട്ടാനിലെ നിന്നും കടത്തിയത്. “എച്ച്പി 52” എന്ന ഹിമാചൽ പ്രദേശ് രജിസ്‌ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളിലും രജിസ്റ്റർ ചെയ്‌തത്. അവിടുത്തെ രജിസ്‌ട്രേഷൻ അതോറിറ്റി എൻഒസി ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വിൽപന നടത്തിയത്.
കേരളത്തിലെത്തിയ മിക്ക വാഹനങ്ങളും റീ രജിസ്റ്റർ ചെയ്‌ത് “കെഎൽ” നമ്പറുകളാക്കിയിട്ടുമുണ്ട്. അഞ്ചുലക്ഷം രൂപക്ക് താഴെയാണ് ഭൂട്ടാൻ സൈന്യം വാഹനങ്ങൾ ഒരുമിച്ചു വിൽപന നടത്തിയത്. ഈ വാഹനങ്ങൾ 40 ലക്ഷം രൂപ വരെ വലിയയിൽ കേരളത്തിൽ വിൽപന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം