പാലക്കാട്: ലൈംഗിക ആരോപണ കേസിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. നീണ്ട 38 ദിവസത്തെ ഇടവേളക്ക് ശേഷമാണ് എംഎൽഎ ഓഫീസിലെത്തുന്നത്. ലൈംഗിക ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ രാജിവെച്ചിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നും മാറ്റിനിർത്തുകയും ചെയ്‌തിരുന്നു.
തനിക്ക് മണ്ഡലത്തിലെത്താതിരിക്കാൻ ആവില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. വിശദമായി നമുക്ക് സംസാരിക്കാമെന്നും ഇപ്പൊ ഒന്നും പ്രതികരിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തൻ പറയുന്നതിന് അപ്പുറമാണ് വാർത്തകളൊക്കെ. പരിപാടികളെ സംബന്ധിച്ച് ഞാൻ സാധാരണ അറിയിക്കാറുള്ളത് പോലെ അറിയിക്കും. പ്രതിഷേധങ്ങളോട് ഒരു കാലത്തും നിഷേധാത്മക നിലപാടില്ല. പ്രതിഷേധങ്ങൾ ഒരുപാട് നടത്തിയ ആളാണ് ഞാൻ. പ്രതിഷേധം നടക്കട്ടെ. അതിൽ ബുദ്ധിമുട്ടില്ലെന്നും രാഹുൽ പറഞ്ഞു.
വരുംദിവസങ്ങളിൽ മണ്ഡലങ്ങളിൽ സജീവമായുണ്ടാവുമെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ വരവിന് മുന്നോടിയായി എംഎൽഎ ഓഫീസ് ഇന്ന് രാവിലെ തന്നെ തുറന്നിരുന്നു. ഓഫീസിലെത്തിയ എംഎൽഎക്ക് പ്രവർത്തകർ സ്വീകരണം നൽകി.നിവേദനങ്ങൾ സ്വീകരിക്കുകയും പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്‌തു. സ്വാകാര്യ കാറിൽ എംഎൽഎ ബോർഡ് വെച്ചെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ അന്തരിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സേവ്യറിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. തുടർന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് പിജെ പൗലോസിൻറെ മണ്ണാർക്കാട്ടെ വീട്ടിലും സന്ദർശനം നടത്തി.
രാഹുൽ എംഎൽഎ ഓഫീസിലെത്തുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്നതിനാൽ ഓഫീസിന് ചുറ്റും പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.