വാഷിംഗ്‌ടൺ: അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ യുഎസ് യാത്രയുടെ റൂട്ട് മാറ്റി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. യൂറോപ്യൻ രാജ്യങ്ങളെ പരമാവധി ഒഴിവാക്കിയായിരുന്നു നെതന്യാഹുവിന്റെ യുഎസിലേക്കുള്ള യാത്ര. അറസ്‌റ്റ് ഭയന്നായിരുന്നു നെതന്യാഹുവിന്റെ യാത്രാമാറ്റം.
ഐസിസിയുമായി കരാർ ഒപ്പിട്ടുള്ള രാജ്യങ്ങളെ ഒഴിവാക്കിയായിരുന്നു നെതന്യാഹുവിന്റെ യാത്ര. നെതന്യാഹു തങ്ങളുടെ അതിർത്തി കടന്നാൽ അറസ്‌റ്റ് ചെയ്യുമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി യുമായി കരാറുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് മുന്നിൽകണ്ടായിരുന്നു നെതന്യാഹു യാത്രാ റൂട്ടുകൾ മാറ്റിയത്.
യുഎസിലേക്ക് പോയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിമാനം ഗ്രീസിനും ഇറ്റലിക്കും സമീപത്ത് കൂടി ഫ്രഞ്ച് വ്യോമാതിർത്തി കടന്നു മധ്യ യൂറോപ്പിലൂടെ പോവേണ്ടതായിരുന്നു, എന്നാൽ 600 കിലോമീറ്ററോളം അധിക യാത്ര ചെയ്‌താണ് വിമാനം യുഎസിൽ എത്തിയത്. 2024 നവംബറിലാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനും അദ്ദഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിനും അറസ്‌റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചത്.
തങ്ങളുടെ അതിർത്തി കടന്നാൽ നെതന്യാഹുവിന്റെ അറസ്റ്റ് ചെയ്യുമെന്ന് അയർലൻഡ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന നിലപാട് സ്പെയിനും അറിയിച്ചിരുന്നു. അതേസമയം അറസ്‌റ്റ് ചെയ്യില്ലെന്ന നിലപാടാണ് ഫ്രാൻസ് സ്വീകരിച്ചിരുന്നത്. ഇത്തരമൊരു നീക്കം പ്രായോഗികമാണോ എന്ന നിലപാടായിരുന്നു ഇറ്റലി സ്വീകരിച്ചിരുന്നത്. അതേസമയം അറസ്റ്റ് പേടിച്ചാണ് വഴി മാറിപോയതെന്ന ആരോപണം ഇസ്രായേൽ നിഷേധിച്ചു.