ഗാസ: ഇസ്രായേൽ തടവറകളിലെ ഫലസ്‌തീൻ തടവുകാരെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട സൈനികർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഇസ്രായേൽ പ്രതികാര നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ട്. തടവറകളിലെ പീഡനം സംബന്ധിച്ച് പരിമിതമായ അന്വേഷണങ്ങൾ മാത്രമാണ് നടന്നതെങ്കിലും, ദൃശ്യങ്ങൾ ചോർത്തിയവർക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.
ഇസ്രായേലിലെ തടങ്കൽ കേന്ദ്രങ്ങളിൽ ഫലസ്‌തീൻ തടവുകാർ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് സൈനികരും ഉദ്യോഗസ്ഥരും ചോർത്തിയിരുന്നത്. സ്ഡെ ടൈമാൻ പോലുള്ള തടങ്കൽ പാളയങ്ങൾ ക്രൂരമായ പീഡന കേന്ദ്രങ്ങളാണെന്ന് അവിടെ സേവനമനുഷ്ഠിച്ച റിസർവ് സൈനികർ വെളിപ്പെടുത്തിയിരുന്നു. തടവുകാർക്ക് വൈദ്യചികിത്സ നിഷേധിക്കുകയും പട്ടിണിക്കിടുകയും ചെയ്‌തിരുന്നു. പലരും ടോയ്‌ലെറ്റ് ഉപയോഗിക്കാൻ അനുവദിക്കാത്തതിനാൽ ശരീരത്തിൽത്തന്നെ മൂത്രമൊഴിച്ചു.
തടവറകളിലെ പീഡനം സംബന്ധിച്ച് അന്താരാഷ്ട്ര സംഘടനകൾ ഇസ്രായേലിനെതിരെ രൂക്ഷമായ റിപ്പോർട്ടുകൾ നൽകിയിരുന്നു. യുദ്ധം തുടങ്ങിയ ശേഷം 80 ഫലസ്തീൻ തടവുകാർ ഇസ്രായേൽ ജയിലുകളിൽ മരിച്ചതായും പല മരണങ്ങളും സംശയാസ്പദമാണെന്നും ഫലസ്‌തീൻ വൃത്തങ്ങൾ പറയുന്നു.
പീഡനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയോ ക്രിമിനൽ നടപടിയോ ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്നാൽ, ഈ വിവരങ്ങളും വീഡിയോകളും പുറത്തുവിട്ട സൈനികർക്കും ഉദ്യോഗസ്ഥർക്കുമെതിരെയാണ് ഇസ്രായേൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നത്.



