മലപ്പുറം: രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന സീറ്റിൽ യു ഡി എഫിന് വേണ്ടി മുസ്ലിം ലീഗ് ആയിരിക്കും മൽസരിക്കുക. എന്നാൽ മുസ്ലിം ലീഗിൽ ആരെ സ്ഥാനാർഥിയായി നിർത്തണമെന്ന കാര്യത്തിൽ ആശയകുഴപ്പം തുടരുകയാണ്. മുസ്ലിം ലീഗ് സംസ്ഥാന ജനറല് സക്രട്ടറി പി.എം.എ. സലാം മത്സരിക്കാൻ സാധ്യതയേറെയാണെങ്കിലും സമസ്തയെ അനുകൂലിക്കുന്ന ലീഗിലെ വലിയ വിഭാഗത്തിന് അതിൽ താല്പര്യമില്ല. സമസ്തയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങൾക്കെതിരെ നടത്തിയ ചില പദ പ്രയോഗങ്ങളിൽ ഇവർക്ക് നീരസമുണ്ട്. സാദിക്കലി ശിഹാബ് തങ്ങളെ അവർ വിഷയം ബോധ്യപ്പെടുത്തുകയും ചെയ്തതായി അറിയുന്നു. യുവാക്കൾക്ക് പ്രാമുഖ്യം കൊടുക്കുമെന്ന് തങ്ങൾ പറഞ്ഞത്, സലാമിനെ ഒഴിവാക്കനാണെന്നും ഇവർ വിശ്വസിക്കുന്നുണ്ട്.
ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിന് മന്ത്രിസ്ഥാനം ലഭിക്കുമെന്നും അങ്ങിനെ വന്നാൽ കുഞ്ഞാലികുട്ടി തന്നെ വീണ്ടും രാജ്യസഭയിലേക്ക് വരണമെന്നും മന്ത്രിയാകണമെന്നും നേതൃത്വത്തിലെ കൂടുതൽ ആളുകളും ആഗ്രഹിക്കുന്നുണ്ട്. കേരളത്തിൽ തന്നെ ആവശ്യത്തിന് ജോലിയുണ്ടെന്നും ഇനി എങ്ങോട്ടുമില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞിട്ടുണ്ടെങ്കിലും അവസരം വരുമ്പോൾ തീരുമാനം മാറ്റുമെന്ന് തന്നെയാണ് ഭൂരിഭാഗം പേരുടെയും വിശ്വാസം. അതേസമയം കേരളം,ഡൽഹി എന്നിങ്ങിനെ ചാടി ചാടി കളിക്കുന്നതിൽ അണികൾക്കും ചില യൂത്ത് ലീഗ് നേതാക്കൾക്കും മുറുമുറുപ്പുണ്ട്.
ലീഗിലെ മികച്ച സാമാചികനെന്ന് വിശ്വസിക്കുന്ന ഇ ടി മുഹമ്മദ് ബഷീർ എം പി ആവുമെന്നിരിക്കെ, ഇത്തരം ചർച്ച തന്നെ അനാവശ്യമാണെന്നും ഒരു വിഭാഗം പറയുന്നുണ്ട്. മികച്ച രീതിയിൽ കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് പല തവണ കൈകാര്യം ചെയ്ത പരിചയവും ഭാഷാ നൈപുണ്യവും ഇ ടിയിൽ ഈ വിഭാഗം കാണുന്നുണ്ട്. അത് കൊണ്ട് ലീഗിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഇ ടി തന്നെ വകുപ്പ് ഭംഗിയായി കൈകാര്യം ചെയ്യുമെന്നും അതിന് വേണ്ടി മാത്രം മറ്റാരും മൽസരിക്കേണ്ടെതില്ലെന്നും പകരം യുവാക്കളെ മൽസരിപ്പിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ. ഫിറോസിന്റെയും കെ.എം. ഷാജിയുടെയും പേരുകളാണ് പ്രധാനമായും യുവനിരയിൽ നിന്നും കേൾക്കുന്നത്. എന്നാൽ പ്രവർത്തർക്കിടയിൽ അടിവേരുള്ള നേതാക്കളെ ഡൽഹിയിലേക്ക് മറ്റുമ്പോൾ പാർട്ടി താഴെ തട്ടിൽ ക്ഷയിച്ചുപോകുമെന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നുണ്ട്. ഭാഷാ കഴിവും പ്രാപ്തിയുള്ളവരെ മാത്രം രാജ്യസഭയിലേക്ക് അയച്ചാൽ മതിയെന്ന കാര്യത്തിൽ എല്ലാ നേതാക്കൾക്കും ഒരേ അഭിപ്രായമാണ്, ഇത്തരം ആളുകളുടെ കുറവ് തന്നെയാണ് എല്ലാ പാർട്ടികളെയും പോലെ ലീഗും അഭിമുഖീകരിക്കുന്നത്.
മുഈനലി തങ്ങളുടെ പേരും ഇടക്ക് ഉയർന്ന് വന്നിരുന്നെങ്കിലും വേണ്ടത്ര പിന്തുണ കിട്ടാത്തത് കൊണ്ടാകാം പിന്നീട് ആരും പറഞ്ഞുകേട്ടിട്ടില്ല. അതോടൊപ്പം ഇടഞ്ഞു നിൽക്കുന്ന സമസ്തയെ ലീഗുമായി ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലക്ക് തങ്ങൾക്ക് നറുക്ക് വീണാലും അൽഭുതപ്പെടേണ്ടതുമില്ല. പാർട്ടിയിലെ സ്ഥാനാർഥി ചർച്ചകളിൽ സ്ഥിരം കേൾക്കുന്ന അഞ്ചാളിൽ നിന്നും മാറി വേറൊരു പേര് ഉയർന്നു വരാത്തതും അണികളിൽ ചർച്ചയാണ്.
ഭരണം ഉണ്ടായാലും ഇല്ലെങ്കിലും അധികാരം വന്നാലും പോയാലും പാർട്ടിയെ ശ്രദ്ധിക്കുന്ന നേതാക്കൾ കുഞ്ഞാലികുട്ടിയെ പോലെ മറ്റൊരാളും ഇല്ലെന്നത് തന്നെയാണ് മറ്റുള്ളവരെ പോലെ അണികളും കരുതുന്നത്. അത്കൊണ്ട് തന്നെ അവസാന തീരുമാനം കുഞ്ഞാലികുട്ടി സാഹിബ് തന്നെയാവും തീരുമാനിക്കുക, പ്രഖ്യാപനം തങ്ങൾ നടത്തിയാലും.