ന്യൂദൽഹി: അക്രമവും വിദ്വേഷവും വിദ്യാഭ്യാസ വിഷയങ്ങളല്ലെന്നും പാഠപുസ്തകങ്ങൾ അത്തരം വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും എൻ.സി.ആർ.ടി.ഇ. ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി. കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതുണ്ടോയെന്നും പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു. പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും എൻ.സി.ആർ.ടി.ഇ. ഒഴിവാക്കിയത് സംബന്ധിച്ച വിമർശനങ്ങൾക്കിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
വിദ്വേഷത്തിന് ഇരയാകുന്നവരായോ വിദ്വേഷം സൃഷ്ടിക്കുന്നവരായോ വിദ്യാർഥികളെ മാറ്റുന്നതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതുണ്ടോ? വലുതാകുമ്പോൾ ഇത് പഠിക്കാം. അവർ വളരുമ്പോൾ എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും മനസ്സിലാക്കട്ടെ. നിലവിലെ മാറ്റങ്ങളെക്കുറിച്ചുള്ള വിവാദം അപ്രസക്തമാണെന്നും ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു.
അപ്രസ്കതമായതെന്തും മാറ്റേണ്ടിവരും. അത് മാറ്റുന്നതിൽ എന്താണ് തെറ്റ്? ഇവിടെ ഒരു കാവിവത്കരണവും ഞാൻ കാണുന്നില്ല. വിദ്യാർഥികൾ വസ്തുതകൾ തിരിച്ചറിയുന്നതിനുവേണ്ടിയാണ് ചരിത്രം പഠിപ്പിക്കുന്നത്. മറിച്ച്, ഒരു യുദ്ധക്കളം സൃഷ്ടിക്കുന്നതിന് വേണ്ടിയല്ല, ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു.
എൻ.സി.ആർ.ടി.ഇ. പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. പകരം രാമക്ഷേത്രനിർമാണവും രാമജന്മഭൂമി പ്രക്ഷോഭവും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മിനാരങ്ങളുള്ള ഒരു കെട്ടിടമെന്നാണ് പാഠഭാഗങ്ങളിൽ ബാബറി മസ്ജിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എൻ.സി.ആർ.ടി.ഇ. പാഠപുസ്തകങ്ങളിൽ കാവിവൽകരണം തുടർന്നു കൊണ്ടേയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് നേരത്തെയും യഥാർഥ ചരിത്രങ്ങൾ നീക്കം ചെയ്തു സാങ്കല്പിക കഥകളും ഐതിഹ്യങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു.