അബഹ: മഹായില്‍ അബഹ റോഡിലെ മഹായിൽ ചുരത്തിൽ ട്രെയിലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡിലുണ്ടായിരുന്ന ഇതര വാഹനങ്ങളിലെ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിത്തീറ്റയുമായി ചുരം ഇറങ്ങുന്നതിനിടെ ബ്രേക്ക് തകരാറായത് കാരണം ഡ്രൈവർക്ക് ട്രെയിലറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ട്രെയിലര്‍ നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവറുടെ ധീരമായ ഇടപെടലിലൂടെ അമിത വേഗത്തിൽ വന്ന വാഹനം സൈഡിലെ ബാരികേഡിൽ ഇടിച്ചു നിർത്തി. ശേഷമാണ് വാഹനം മറിഞ്ഞത്. അറുന്നൂറോളം ചാക്ക് കോഴിത്തീറ്റ വാഹനത്തിൽ ഉണ്ടായിരുന്നു.
ട്രാഫിക് പോലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അടിയന്തിര ഇടപെടലോടെ ലോറിയും കോഴിത്തീറ്റ ചാക്കുകളും റോഡില്‍ നിന്നും പെട്ടെന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.