കൊച്ചി: കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് മലപ്പുറത്തുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ശുഹൈബാണ് പോലീസ് പിടിയിലായത്. അതേസമയം, ആരോപണം യുവാവ് നിഷേധിച്ചു. ജൂൺ ആദ്യം ലണ്ടനിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശുഹൈബിന്റെ മകൾക്കേറ്റ ഭക്ഷ്യവിഷബാധയെ തുടർന്ന് നല്കിയ പരാതിയിൽ എയറിന്ത്യ വൈരാഗ്യം തീർക്കുകയാണെന്നാണ് യുവാവിന്റെ വാദം. മകൾക്കേറ്റ ഭക്ഷയബാധയെ തുടർന്ന് മടക്കയാത്ര തീയതി മാറ്റി നൽകണമെന്ന് ഇയാൾ എയർ ഇന്ത്യ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം എയർ ഇന്ത്യ അംഗീകരിച്ചിരുന്നില്ല.
ഇന്ന് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട എഐ 149 വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇന്ന് പുലർച്ചെയാണ് മുംബൈയിലെ എയർ ഇന്ത്യ കോൾ സെൻ്ററിൽ ഭീഷണി സന്ദേശം ലഭിച്ചത്. വിവരമറിഞ്ഞയുടൻ കൊച്ചിയിലെ എയർ ഇന്ത്യ അധികൃതരും കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും പ്രോട്ടോക്കോളുകൾ പ്രകാരം ബോംബ് ത്രെട്ട് അസസ്‌മെൻ്റ് കമ്മിറ്റി (ബിടിഎസ്) ഉടൻ സിയാലിൽ യോഗം ചേര്‍ന്നു.
എയർലൈൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഇൻലൈൻ ബാഗേജ് സ്‌ക്രീനിംഗ് ഉദ്യോഗസ്ഥർ, എയർപോർട്ട് സെക്യൂരിറ്റി ഗ്രൂപ്പ് എന്നിവർ സുരക്ഷാ പരിശോധനകൾ നടത്തി. മുംബൈ കോൾ സെൻ്ററിൽ ഭീഷണി റിപ്പോർട്ട് ചെയ്‌തയാളെ തിരിച്ചറിഞ്ഞു.
ഈ വിമാനത്തിൽ തന്നെ ലണ്ടനിലേക്ക് പോകാനിരുന്ന കൊണ്ടോട്ടി മലപ്പുറം സ്വദേശി ശുഹൈബ് (29) ആണ് ഫോൺ വിളിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഭാര്യക്കും മകൾക്കുമൊപ്പമെത്തിയ ശുഹൈബിനെ കൊച്ചി എയർപോർട്ടിലെ എ എസ് ജി ചെക്ക്-ഇൻ സമയത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനും നിയമ നടപടികൾക്കുമായി ഇയാളെ പോലീസിന് കൈമാറി. അതേസമയം ശുഹൈബ് ആരോപണം നിഷേധിച്ചു.