ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ജയിലിൽ കഴിയുന്ന അരവിന്ദ് കെജരിവാളിനെ സിബിഐ യും അറസ്റ്റ് രേഖപ്പെടുത്തി. സുപ്രീംകോടതി ജാമ്യാപേക്ഷപരിഗണിക്കാനിരിക്കെയാണ് തിഹാര്‍ ജയിലിലെത്തി കെജറിവാളിനെ അറസ്റ്റ് ചെയ്ത സിബിഐയുടെ നടപടി. ബുധനാഴ്ച കെജരിവാളിനെ ഹാജരാക്കാനുള്ള അനുമതി വിചാരണക്കോടതിയില്‍നിന്ന് ലഭിച്ചതിന് ശേഷമാണ് അറസ്റ്റ്.
സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്. ഇ.ഡി കേസിലാണ് കെജരിവാൾ ഇപ്പോൾ ജയിലിൽ കഴിയുന്നത്. ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു. വിചാരണ കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു.