ന്യൂദല്‍ഹി: ലോക്സഭയില്‍ സ്പീക്കറുടെ ചെയറിനു സമീപം സ്ഥാപിച്ചിട്ടുള്ള ചെങ്കോല്‍ നീക്കി ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി. ആര് കെ ചൗധരി എം പിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തു നല്‍കിയത്.
നാം സ്വതന്ത്രരായെന്നും രാജാക്കന്മാരുടെ കാലംകഴിഞ്ഞെന്നും ചൗധരി പറഞ്ഞു. വോട്ടവകാശമുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും ചേര്‍ന്നാണ് രാജ്യത്തെ നയിക്കാനുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്.
ഭരണഘടനാനുസൃതമായാണോ അതോ രാജാവിന്റെ വടി കൊണ്ടാണോ രാജ്യം മുന്നോട്ടു പോകുന്നത്, ജനാധിപത്യം സംരക്ഷിക്കപ്പെടുന്നതിനായി ചെങ്കോല്‍ മാറ്റി ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു.
അതേസമയം ജനാധിപത്യത്തില്‍ ചെങ്കോലിന്റെ പ്രസക്തിയെ ചൊല്ലി ബിജെപി-പ്രതിപക്ഷ പോരിനു വഴി തുറക്കൂകയും ചെയ്തു. ഇന്ത്യന്‍ സംസ്കാരത്തോട് പ്രതിപക്ഷം അനാദരവ് കാണിക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപത്തായി ചെങ്കോല്‍ സ്ഥാപിച്ചത്.