റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 2023 – 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര(പ്രതീക്ഷ) വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം റിയാദിൽ നടന്നു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉത്ഘാടനം നിർവഹിച്ചു. കുടുംബ വേദി സെക്രട്ടറി സീബാ കൂവോട് കേളി ട്രഷറർ ജോസഫ് ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും പത്താം തരത്തിലും പ്ലസ്ടൂവിലും പഠിക്കുന്ന വിദ്യാർത്ഥികളിൽ തുടർ പഠനത്തിന് അർഹത നേടിയവർക്കാണ് ക്യാഷ് അവാർഡും മൊമെന്റോയും അടങ്ങുന്ന കേളിയുടെ ‘പ്രതീക്ഷ’ പുരസ്കാരം. റിയാദിലെ വിദ്യാലയങ്ങളിൽ നിന്നും വിജയം നേടിയ 14 കുട്ടികളും കേരളത്തിലെ ഇടുക്കി, കാസർഗോട് ജില്ലയിൽ നിന്നൊഴികെയുള്ള 12 ജില്ലകളിൽ നിന്നായി 223 കുട്ടികളുമടക്കം, പത്താംതരത്തിൽ നിന്നും വിജയിച്ച 128 കുട്ടികളും പ്ലസ്-ടുവിൽ നിന്നും വിജയിച്ച 109 കുട്ടികളും ഈ വർഷം പുരസ്‌കാരത്തിന് അർഹരായി.
നാട്ടിൽ നിന്നുള്ള ഒരു വിദ്യാർത്ഥി ഉൾപ്പടെ പത്താംതരം വിജയിച്ച 8 കുട്ടികളും പ്ലസ് ടൂവീൽ വിജയിച്ച 6 കുട്ടികളും ഉദ്ഘാടന വേദിയിൽ വച്ച് പുരസ്‌കാരങ്ങൾ സ്വീകരിച്ചു. പുരസ്‌കാരത്തിന് അർഹരായ റീബ ബിജി, ദേവനന്ദ എം, നേഹ പുഷ്പരാജ്, അയന ഇറ്സ, ഹിസ്ന തസീം, അനസ ഷെറിന്‍, ഹന്ന വടക്കുംവീട്ടില്‍, ഫാത്തിമ ഹര്‍ഷാദ്, ആമിന നസീര്‍, ഫിസ സുള്‍ഫിക്കര്‍, ഫാത്തിമ നസീര്‍, ആല്‍വിന്‍ എം. ബെന്നി, അലീന മറിയം പെരുമാള്‍, സിദാന്‍ ഷമീര്‍ എന്നിവർക്ക് കേളി രക്ഷധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ കുടുംബവേദി സെക്രട്ടറി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പത്ത് കുട്ടികൾ തങ്ങൾക്ക് ലഭിച്ച സമ്മാന തുക കേളി നടപ്പിലാക്കുന്ന കേരളത്തിലെ ‘ഹൃദയപൂർവ്വം കേളി’ ഒരു ലക്ഷം പൊതിച്ചോർ പദ്ധതിയിലേക്ക് സംഭാവന ചെയ്തു.
കേരളത്തിലെ വിതരണം വരും ദിവസം അതത് ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല കോഡിനേറ്റർമാരായി കേളി മുൻ സെക്രട്ടറിമാരായ ഷൗക്കത്ത് നിലമ്പൂർ റഷീദ് മേലേതിൽ എന്നിവർ പ്രവർത്തിക്കും.
പുരസ്‌കാര വിതരോണോത്ഘാടന പരിപാടിയിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും വൈസ് പ്രസിഡന്റ് രജീഷ് പിണറായി നന്ദിയും പറഞ്ഞു