31.6 C
Saudi Arabia
Friday, August 22, 2025
spot_img

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ കാന്തപുരത്തെ സന്ദർശിച്ചു

കോഴിക്കോട് : കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. കേന്ദ്ര മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ അദ്ദേഹം രാവിലെ ഒമ്പത് മണിക്കാണ് കാരന്തൂർ  മര്‍കസിലെത്തി കാന്തപുരത്തെ കണ്ടത്.

അര മണിക്കൂർ  നീണ്ട കൂടിക്കാഴ്ചയില്‍ സൗഹൃദ സംഭാഷണത്തോടൊപ്പം ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസാരിച്ചു.  സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ ന്യൂനപക്ഷ വകുപ്പ് ആവിഷ്‌കരിക്കണമെന്നും ന്യൂനപക്ഷ ജനത അഭിമുഖീകരിക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും കാന്തപുരം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.

ഉന്നത കലാലയങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വലിയ  സഹായകമായിരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പിലെ അപാകത പരിഹരിക്കുക, അലിഗഢ് യൂനിവേഴ്സിറ്റിയുടെ  മലപ്പുറം സെന്ററിനായി പ്രത്യേക പാക്കേജ് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും കാന്തപുരം ചൂണ്ടിക്കാട്ടി.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായി നേരത്തെ പ്രവര്‍ത്തിച്ച പരിചയം വകുപ്പില്‍ ഗുണം ചെയ്യട്ടെയെന്നും സമൂഹത്തിനായി നല്ല കാര്യങ്ങള്‍ ചെയ്തു തീർക്കാൻ സാധിക്കട്ടെയെന്നും കാന്തപുരം ആശംസിച്ചു. എല്ലാ ജനവിഭാഗങ്ങളുടെയും പുരോഗതിയും ക്ഷേമവും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

മര്‍കസിന്റെ സാമൂഹ്യക്ഷേമ മിഷനായ ആര്‍ സി എഫ് ഐയുടെ ഭിന്നശേഷി സംഗമത്തിലും മന്ത്രി സംബന്ധിച്ചു. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അക്ബര്‍ ബാദുഷ സഖാഫി, കെ കെ ഷമീം എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles