ഖമീസ് മുഷൈത്ത്: അറുതിയില്ലാത്ത യാത്രാദുരിതവും വിമാന കമ്പനികളുടെ അരും കൊള്ളയും ഉയര്‍ത്തിക്കാട്ടി ‘അവസാനിക്കാത്ത ആകാശച്ചതികള്‍’ എന്ന പേരില്‍ ഐസിഎഫ് ഖമീസ് മുഷൈത്ത് സെന്‍ട്രല്‍ കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു.
ഖമീസ് മുഷൈത്ത് ഐ സി എഫ് ഹാളില്‍ നടന്ന പരിപാടി നാഷണല്‍ ക്ഷേമകാര്യ പ്രസിഡന്റ് മഹമൂദ് സഖാഫി മാവൂരിന്റെ അധ്യക്ഷതയില്‍ കെ എം സി സി നാഷണല്‍ ആക്ടിങ് സെക്രട്ടറി ബഷീര്‍ ചെമ്മാട് ഉദ്ഘാടനം ചെയ്തു.
യാത്രാ ദൈര്‍ഘ്യവും സമയവും അധികമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വാങ്ങുന്ന അതേ ഫയറോ അതിനേക്കാള്‍ കൂടിയ ഫയറോ ആണ് പകുതി ദൂരമുള്ള ഗള്‍ഫ് സെക്ടറില്‍ നിന്നും വിമാനകമ്പനികള്‍ ഈടാക്കുന്നത്. സീസണ്‍ സമയങ്ങളില്‍ നടത്തുന്ന ഈ പെരുംകൊള്ളക്ക് പുറമെ വിമാനങ്ങൾ പൊടുന്നനെ റദ്ദ് ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് പുറമെ സമ്മതിക്കുമ്പോഴും അവരുടെ ജീവല്‍പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും അധികാരികളും പരാജയപ്പെടുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും കപ്പല്‍ സര്‍വ്വീസുകള്‍ അടിയന്തിരമായി തുടങ്ങി ആകാശ യാത്രക്ക് ബദല്‍ സംവിധാനം ഒരുക്കുന്നതിലൂടെ മാത്രമേ പ്രവാസികളുടെ യാത്രാ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്ന് ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ശബ്ദങ്ങള്‍ക്ക് പരിഗണന ലഭിക്കണമെങ്കില്‍ പ്രവാസി സമൂഹം വോട്ട് ബാങ്കായി മാറണമെന്നും പ്രവാസികളുടെ സമ്മതിദാനവകാശത്തിന് വേണ്ടിയും നാം ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും സദസ്സ് ആവശ്യപ്പെട്ടു,
വ്യോമ ഗതാഗത രംഗത്തുനിന്നും സര്‍ക്കാരിന്റെ പിന്മാറ്റവും കുത്തകകളുടെ കടന്നുകയറ്റവുമാണ് ഗള്‍ഫ് പ്രവാസികളുടെ യാത്രാദുരിതത്തിനു പിന്നിലെ പ്രധാനകാരണം. വ്യോമഗതാഗത രംഗത്ത് പ്രവാസി സംരംഭകരുടെ ഇനീഷ്യേറ്റീവുകള്‍ കടന്നു വരണമെന്നും അത്തരം സംരംഭങ്ങള്‍ക്ക് പ്രവാസികളുടെ അകമഴിഞ്ഞ പിന്തുണയും പ്രോല്‍സാഹനങ്ങളും നല്‍കി വിജയിപ്പിക്കണമെന്നും സദസ്സ് അഭ്യര്‍ഥിച്ചു. സാധാരണക്കാരായ പ്രവാസികളെ ബാധിക്കുന്ന യാത്രാപ്രശ്‌നത്തില്‍ പ്രായോഗിക പരിഹാരം കാണുന്നത് വരെ ഐസിഎഫ് സമരരംഗത്തുണ്ടാകുമെന്നും ഇതര പ്രവാസി സംഘടനകളുടെ പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും ജനകീയ സദസ്സ് ആവശ്യപ്പെട്ടു.
അഷ്‌റഫലി കീഴുപറമ്പ് വിഷയാവതരണം നടത്തി, മാധ്യമപ്രവര്‍ത്തകനായ മുജീബ് ചടയമംഗലം, അബ്ദുറസാഖ് (കെ സി എഫ്), ത്വാഹിര്‍ ഷാ (ആര്‍ എസ് സി) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റഹ്മത്തുല്ല പട്ടിക്കാട് സ്വാഗതവും അബ്ദുസ്സലാം ആലപ്പുഴ നന്ദിയും പറഞ്ഞു.