പാലക്കാട്: ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരേയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. അപ്രതീക്ഷിതമായി ചിറ്റൂർ പുഴയിലെ ജലനിരപ്പ് ഉയർന്നപ്പോൾ പുഴയിൽ കുടുങ്ങിപ്പോവുകയായിരുന്നു. ശ്രമകരമായ രക്ഷാ പ്രവര്ത്തനത്തിനൊടുവില് ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് വടം കെട്ടിയാണ് അഗ്നിരക്ഷാ സേന ഇവരെ കരക്കെത്തിച്ചത്.
ഉച്ചയോടെയാണ് അപകടം നടന്നത്. നര്‍ണി ആലാംകടവ് കോസ്വെയ്ക്കു താഴെ ചിറ്റൂര്‍ പുഴയിലാണ് നാലു പേര് കുടുങ്ങിപോയത്. പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു പ്രായമായ സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് പുഴയുടെ നടുവിലെ പാറയില്‍ കുടുങ്ങിയത്. ദേവി, ലക്ഷ്മണന്, വിഷ്ണു, സുരേഷ് എന്നിവരാണ് അപകടത്തിൽ പെട്ടത്.
പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ ഇവര്‍ പുഴയുടെ നടുവിലെ പാറയിൽ കുടുങ്ങുകയായിരുന്നു. മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉൾപ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. നാല് ജീവന് രക്ഷിച്ച അഗ്നിരക്ഷാ സേനയുടെ സേവനങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.