കോഴിക്കോട്: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഡോ. എം.കെ മുനീർ എം.എൽ.എയുടെ സത്യഗ്രഹം പ്രഹസനമായെന്ന് ശിവൻ കുട്ടി. താനുമായി നടത്തിയ മാരത്തോൺ ചർച്ചയുടെ തീരുമാനപ്രകാരമാണ് അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചതെന്ന ലീഗ് വാദം തള്ളി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എം.കെ മുനീർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമ്പോഴോ അവസാനിപ്പിക്കുമ്പോഴോ താനുമായി ഈ വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം, കാസർഗോഡ് ജില്ലകളിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് 138 അധിക ബാച്ചുകൾ നിയമസഭയിൽ പ്രഖ്യാപിക്കുകയുണ്ടായി. ഗവണ്മെന്റിന്റെ ഈ തീരുമാനത്തെ നിയമസഭയിൽ പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും ഉൾപ്പടെ എല്ലാവരും സ്വാഗതം ചെയ്തതാണ്. മറ്റേതെങ്കിലും ഭാഗങ്ങളിൽ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ടെങ്കിൽ തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നതാണ് അന്ന് മുതലുള്ള നിലപാട്.
കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ സീറ്റ് കുറവുണ്ടെന്ന് പറഞ്ഞു എം.കെ മുനീർ എം എൽ എ ഒരു നിവേദനം പോലും പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ തനിക്ക് തന്നിട്ടില്ല. സത്യഗ്രഹത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് താനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇത് അപ്പോൾ തന്നെ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. അടിയന്തിര ഇടപെടൽ ആവശ്യമുള്ള മേഖലകളുണ്ടെങ്കിൽ തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന മുൻനിലപാട് തുടരാൻ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.
യാഥാർഥ്യം ഇതായിരിക്കെ സത്യഗ്രഹം വൻവിജയമെന്ന് പ്രഖ്യാപിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു എം.കെ മുനീർ എം എൽ എ ചെയ്തത്. അനിശ്ചിതകാലം എന്ന് പറഞ്ഞ് ആരംഭിച്ച സത്യഗ്രഹം വെറും അഞ്ച് മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചപ്പോൾ തന്നെ സമരം പ്രഹസനമാണെന്ന് വ്യക്തമായതാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.