റിയാദ് : സ്വന്തം നാടിന്റെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് മറ്റൊരു രാജ്യത്ത് ജീവിതമാർഗം കണ്ടെത്തുന്ന പ്രവാസികൾ അധ്വാനിക്കുന്ന യന്ത്രങ്ങളാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂർ അഭിപ്രയപെട്ടു. അന്നം നൽകുന്ന രാജ്യത്തോടുള്ള കൂറും കടപ്പാടും നില നിർത്തുന്നതോടൊപ്പം സ്വന്തം നാടിൻ്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ അനല്പമായ പങ്കാണ് പ്രവാസികൾക്കുള്ളത്.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) റിയാദ് സംഘടിപ്പിച്ച സെൻട്രൽ എക്സിക്യൂട്ടിവ് ക്യാമ്പായ ‘ഇൽതിസാം2024 ‘ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവുമധികം മലയാളികൾ പ്രവാസജീവിതം നയിക്കുന്ന ഗൾഫ് മേഖലയിലെ സ്വദേശി വത്കരണത്തിന്റെ ഭീഷണി, കേവലമൊരു തൊഴിൽ നഷ്ടത്തിന്റെ മാത്രം വിഷയമല്ലന്നും, കേരളത്തെയടക്കം താങ്ങി നിർത്തുന്ന സാമ്പത്തിക ഘടനയെ തകിടം മറിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം പ്രതിസന്ധികൾക്കിടയിലും മലയാളി പ്രവാസികൾ നയിക്കുന്ന സാമൂഹിക ജീവിതം മാതൃകാപരമാണ്. കേരളത്തിലെ സുന്നി പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രവാസലോകം കാണിക്കുന്ന സൂക്ഷ്മത അഭിന്ദനാർഹമാണ്. വിവാദങ്ങളെ തന്ത്രപൂർവ്വം പ്രതിരോധിച്ചു വിജയം കണ്ടെത്തുന്ന രീതിയാണ് കേരള മുസ്ലിം ജമാഅത്തും പോഷക ഘടകങ്ങളും സ്വീകരിച്ചു വരുന്നത്. എതിരാളികളുടെ കഴമ്പില്ലാത്ത ആരോപണങ്ങൾക്ക് മുമ്പിൽ സധൈര്യം പിടിച്ചു നിന്ന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നേത്യത്വം, ഐ സി എഫ് അടക്കമുള്ള മുഴുവൻ കൂട്ടായ്‌മകൾക്കും അഭിമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
