അൽ ഹസ്സ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ഓർമ്മ ദിനത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി ) സൗദി അൽ അഹ്സ ഏരിയ കമ്മിറ്റി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ഷിഫ മെഡിക്കൽ ഹെൽത്ത് കെയറിൻ്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് ഒഐസിസി ദമ്മാം റീജ്യണൽ വൈസ് പ്രസിഡൻ്റ് ശാഫി കുദിർ ഉദ്ഘാടനം ചെയ്തു.സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധിയാളുകൾ പ്രയോജനപ്പെടുത്തി.തുടന്നു് ഡോ.അദീം മൻസൂർ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സെടുത്തു. പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ശേഷം നടന്ന സർവ്വ മത പ്രാർത്ഥനക്ക് ലിജു വർഗ്ഗീസ് (ബൈബിൾ), മുരളീധരൻ പിള്ള (രാമായണം), ഷെസാ ഫൈസൽ (ഖുറാൻ) എന്നിവർ നേതൃത്വം നല്കി.
ജനഹൃദയങ്ങളിലെ കുഞ്ഞൂഞ്ഞ് എന്ന പേരിൽ ഉമ്മൻ ചാണ്ടിയുടെ ജീവിതയാത്രയെ ആസ്പദമാക്കിയുള്ള ഡോക്യുമെൻ്ററി പ്രദർശനവും ഉണ്ടായിരുന്നു. ഷിഫാ മെഡിക്സ് ആഡിറ്റോറിയത്തിൽ റുക്സാന റഷീദിൻ്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ അനുസ്മരണ സമ്മേളനത്തിൽ അൽ അഹ്സ ഒഐസിസി ആക്ടിംഗ് പ്രസിഡൻ്റ് അർശദ് ദേശമംഗലം അദ്ധ്യക്ഷത വഹിച്ചു. റീജ്യണൽ ആക്ടിംഗ് പ്രസിഡൻ്റ് ശംസു കൊല്ലം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദമ്മാം ഒഐസിസി ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി ഭാരവാഹികളായ ട്രഷറർ പ്രമോദ് പൂപ്പാല, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, വൈസ് പ്രസിഡൻ്റ് ശാഫി കുദിൻ, സൗദി നാഷണൽ കമ്മിറ്റി മെമ്പർ പ്രസാദ് കരുനാഗപ്പള്ളി,കെ എം സി സി കിഴക്കൻ പ്രവിശ്യ ട്രഷറർ അഷ്റഫ് ഗസാൽ എന്നിപർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു.
കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും, ഭരണ കർത്താവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നു് പ്രാസംഗികർ അഭിപ്രായപ്പെട്ടു.കേരളത്തിൽ ഇന്നു് കാണുന്ന വികസന പദ്ധതികൾ മിക്കതും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് തുടക്കമിട്ടതോ പൂർത്തിയാക്കിയതോ ആണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. കൊച്ചിൻ മെട്രോ, സ്മാർട്ട് സിറ്റി, വല്ലാർപാടം കണ്ടയ്നർ ഫാക്ടറി, കണ്ണൂർ വിമാനതാവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നിവ അതിൽ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടികൾ പതിനായിരക്കണക്കിന് അശരണർക്ക് ആശ്വാസമേകിയതായിരുന്നുവെന്നും അനുസ്മരണ സമ്മേളനം വിലയിരുത്തി.
അൽ അഹ്സ ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഉമർ കോട്ടയിൽ സ്വാഗതവും, റഷീദ് വരവൂർ നന്ദിയും പറഞ്ഞു. റഫീഖ് വയനാട്, നവാസ് കൊല്ലം, ഹഫ്സൽ മേലേതിൽ,ഷാനി ഓമശ്ശേരി,ലിജു വർഗ്ഗീസ്, നൗഷാദ് താനൂർ, സിജൊ രാമപുരം, ജിബിൻ മാത്യു, സലീം പോത്തംകോട്, രമണൻ ജാഫർ, സബാസ്റ്റ്യൻ വി പി, അനീഷ് സനയ്യ, ഹമീദ് പൊന്നാനി,അൻസിൽ ആലപ്പി, മുരളീധരൻ പിള്ള, ദിവാകരൻ കാഞ്ഞങ്ങാട്, സജീം കുമ്മിൾ, ഫാറൂഖ് വാച്ചാക്കൽ, ജിതേഷ് ദിവാകരൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി. ഒഐസിസി വനിതാ വേദി പ്രവർത്തകരായ അമീറ സജീം, റുക്സാന റഷീദ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികൾക്ക് സമാപനമായത്.