ന്യൂദല്‍ഹി: ദൽഹിയിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറാണ് അടിയന്തരപ്രമേയത്തിന് ലോക്സഭയില്‍ നോട്ടീസ് നല്‍കിയത്.
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇതുമായി ബന്ധപ്പെട്ട് ദല്‍ഹി സര്‍ക്കാരിനെ ബിജെപിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ദൽഹി ഓൾഡ് രാജീന്ദ്ര നഗറിൽ നടന്നു വരുന്ന സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിലാണ് വെള്ളം കയറി മലയാളിയടക്കം മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനാണ് മരണപ്പെട്ട മലയാളി. നവീന്‍ പുറമെ രണ്ട് പേർക്ക് കൂടി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.
കനത്ത മഴയെ തുടർന്ന് സ്ഥാപനത്തിന്റെ താഴത്തെ നിലയിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. നവീൻ ഡാൽവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തുമെന്നാണ് അറിയുന്നത്.