തിരുവനന്തപുരം: മുഖ്യമന്ത്രി യുടെ നവകേരള സദസ്സിന് ഉപയോഗിച്ചിരുന്ന ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാൻ കെഎസ്ആര്‍ടിസി ഒരുങ്ങുന്നു. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് ആലോചിക്കുന്നത്. സ്‌റ്റേറ്റ് ക്യാരേജ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായെങ്കിൽ മാത്രമേ ബസിന്റെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്നാണ് ഓദ്യോഗിക കേന്ദ്രങ്ങൾ അറിയിക്കുന്നത്.
നവ കേരള യാത്രക്ക് 1.15 കോടി മുടക്കിയാണ് ഭാരത് ബെന്‍സില്‍ നിന്നും ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അത് നടന്നില്ല. ബസ് പണിയുന്നതിനായി ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നെങ്കിലും ജോലികൾ മുന്നോട്ട് പോയില്ല. ദീർഘാകാലം ഷെഡിൽ കിടന്ന വാഹനം പിന്നീട് കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബസ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാന്‍ തീരുമാനമെടുക്കുന്നത്.