റിയാദ് : സൗദിയിലെ മലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രവാസി നിയമ സഹായസെൽ സൗദിയിലേക്കുള്ള നോർക്ക കൺസൾട്ടന്റുമാരെ നിയമിച്ചു.
ദമാമിലെ സാമൂഹിക പ്രവർത്തകനും കണ്ണൂർ മടമ്പം സ്വദേശിയും ആയ അഡ്വ .വിൻസൺ തോമസ്, ആലപ്പുഴ സ്വദേശി അഡ്വ. നജ്മുദീൻ എന്നിവരെയാണ് സൗദി അറേബ്യയിലേക്കുള്ള ലീഗൽ ലൈസൻ ഓഫീസർ അഥവാ നോർക്ക ലീഗൽ കൺസൾട്ടന്റ് ആയി കേരള സർക്കാർ നിയമിച്ചത്.
അതേ സമയം, ഇന്ത്യൻ എംബസിയടക്കമുള്ള നയതന്ത്ര കാര്യാലയങ്ങളും സൗദിയിലെ തലസ്ഥാന നഗരിയുമായ റിയാദിൽ നിന്ന് പ്രതിനിധിയില്ല എന്നത് ശ്രദ്ധേയമാണ്.
അഡ്വ. വിൻസൺ തോമസ് ശ്രീകണ്ഠപുരം മുൻസിപ്പൽ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ഉപദേശകൻ, കൂട്ടുമുഖം സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഭിഭാഷകൻ ആയി 2001 ൽ എൻറോൾ ചെയ്ത ഇദ്ദേഹം 2011 വരെ തളിപ്പറമ്പ്, തലശ്ശേരി, ചെന്നൈ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നു.
2009 ൽ സൗദിയിൽ എത്തിയ അഡ്വ. നജ്മുദ്ദീൻ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയാണ്, തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിൽ നിന്നും 2000 ൽ നിയമബിരുദം നേടിയ ഇദ്ദേഹം മാവേലിക്കര, ഹരിപ്പാട് കോടതികളിൽ ഏഴു വർഷം അഭിഭാഷകനായി സേവനം ചെയ്തു.