ന്യൂദൽഹി : ആഗ്രയിൽ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയെ ഓടി കൊണ്ടിരിക്കുന്ന കാറിൽ പീഡിപ്പിച്ചതായി പരാതി. അവസാന വർഷ വിദ്യാർഥിനിയെ കോളജിലെ പൂർവ വിദ്യാർഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് പീഡിപ്പിച്ചതായാണ് പരാതി. വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ഡൽഹി – ആഗ്ര ഹൈവേയിൽ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു.
വിദ്യാർഥിനി പീഡനത്തിനിരയായ വിവരം പെൺകുട്ടി തന്നെയാണ് പൊലീസിൽ അറിയിച്ചത്. ഈയിടെ ബിരുദം നേടിയ സീനിയർ വിദ്യാർഥി തന്നെ കാറിലേക്ക് വലിച്ചു കയറ്റിയ ശേഷം കൈ പിന്നിലേക്ക് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. പീഡനശേഷം അർധനഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്.
കോളജിലെ പഠന കാലത്ത് പ്രതിയുടെ പ്രണയാഭ്യർഥന നിരസിച്ചതിനു ശേഷം നിരന്തരം ശല്യം ചെയ്തിരുന്നെന്നും പിന്നാലെ തനിക്കെതിരെ ഡിപ്പാർട്ട്മെന്റ് മേധാവിക്ക് തെറ്റായ പരാതികൾ നൽകിയതായും യുവതി പൊലീസിൽ മൊഴി നൽകി. സിക്കന്ദ്ര പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.