ദമ്മാം : – സാങ്കേതികമായി എൻടാംഗ്ലിംഗ്, ട്രാമൽ നെറ്റ് എന്നറിയപ്പെടുന്ന ഗിൽ നെറ്റ് എന്ന വലിയ വല ഉപയോഗിച്ച് കിംഗ് ഫിഷ് അഥവാ അയക്കൂറ പിടിക്കുന്നതിനുള്ള നിരോധനം ഓഗസ്റ്റ് 15 വ്യാഴാഴ്ച പ്രാബല്യത്തിൽ വരും.
കിഴക്കൻ മേഖലയുടെ തീരങ്ങളിൽ രണ്ട് മാസത്തേക്കാണ് നിരോധനം. എന്നാൽ, പിടിക്കുന്ന മത്സ്യത്തിന് 65 സെൻ്റിമീറ്ററിൽ കൂടുതൽ നീളമുണ്ടെങ്കിൽ വടിയും റീലും ഉപയോഗിച്ച് പിടിക്കാൻ അനുവാദമുണ്ടെന്ന് പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിൻ്റെ കിഴക്കൻ മേഖലയിലെ ശാഖയുടെ ഡയറക്ടർ ജനറൽ, എൻജിനീയർ. ഫഹദ് അൽ ഹംസി പറഞ്ഞു. ശോഷണം കുറയ്ക്കുക, സുസ്ഥിരവും തന്ത്രപ്രധാനവുമായ ശേഖരം നിലനിർത്തുക, മുട്ടയിടുന്നതിന് അവസരം നൽകുക എന്നിവയാണ് നിയന്ത്രണം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണമായി 50-200 സെ.മീ. നീളത്തിൽ വളരുന്ന അയക്കൂറയ്ക്ക് 5 -20 കി.ഗ്രാം വരെ തൂക്കമുണ്ടായിരിക്കും. വളരെ സ്വാദിഷ്ഠമായതിനാൽ ഭക്ഷ്യമത്സ്യങ്ങളിൽ ഒരു പ്രധാനസ്ഥാനമാണ് ഇവയ്ക്കുള്ളത്.