തിരുവനന്തപുരം: ആരോപണ വിധേയനായ നടനും എംഎൽഎയുമായ മുകേഷിനെ സിനിമാ നയ രൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ എംപി. മുകേഷിനെ നയരൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയതിലൂടെ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് വ്യക്തമായെന്ന് ഷാഫി പ്രതികരിച്ചു.
ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ രഞ്ജിത്തിനെയും കൂടി സമിതിയിൽ ഉൾപ്പെടുത്തിയാൽ നന്നാകുമായിരുന്നുവെന്ന് ഷാഫി പരിഹസിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് കത്തിക്കുകയായിരുന്നു ഇതിലും ഭേദം. വാചക കസർത്തുകളിൽ ഒതുങ്ങുകയാണ് സർക്കാരെന്നും മന്ത്രിക്കും എം എൽ എക്കും മാത്രമല്ല പിണറായി സർക്കാരിന് തന്നെ തുടരാൻ അർഹതയില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.