തിരുവനന്തപുരം: സിനിമാ രംഗത്തെ ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് 17 പരാതികൾ ഡി ജി പിക്ക് ലഭിച്ചു. ഇതിനകത്ത് നേരത്തെ പരസ്യപ്പെടുത്തിയതും അല്ലാത്തതുമായ പീഡനാരോപണങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഡിജിപിക്ക് ലഭിച്ച പരാതികളെല്ലാം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ലഭിച്ച ഓരോ പരാതികളും അന്വേഷിക്കാൻ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നും പ്രത്യേക അന്വേഷണ സമിതിയുടെ തലവൻ ഐജി ജി.സ്പർജൻകുമാർ പറഞ്ഞു
ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവരുൾപ്പെടെ ഏഴു പേർക്കെതിരെയാണ് നടി മിനു മുനീർ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്. രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ഇന്നലെ ഡിജിപിക്കു പരാതി നൽകി. സംവിധായകൻ ശ്രീകുമാർ മേനോൻ, നടൻ ബാബുരാജ് എന്നിവർക്കെതിരെ ആരോപണമുന്നയിച്ച ജൂനിയർ ആർട്ടിസ്റ്റും അന്വേഷണ സംഘത്തിന് ഇ– മെയിൽ വഴി പരാതി നൽകി.
ജയസൂര്യയുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായത് വർഷങ്ങൾക്കു മുൻപു സെക്രട്ടേറിയറ്റിൽ നടന്ന ഷൂട്ടിങ്ങിനിടെയാണെന്ന് മിനു മുനീറിന്റെ പരാതി. ഒത്തുതീർപ്പുകൾക്കു വഴങ്ങിയാൽ ‘അമ്മ’ സംഘടനയിൽ അംഗത്വം എളുപ്പത്തിൽ ലഭിക്കുമെന്നാണ് ഇടവേള ബാബു പറഞ്ഞത്. മുകേഷ് നേരിൽ കണ്ടപ്പോഴും ഫോണിൽ വിളിച്ചും മോശമായി ഇടപെട്ടെന്നാണ് ആരോപണം. യാത്രയിലെ മോശം സംസാരമാണ് മണിയൻപിള്ള രാജുവുവിനെതിരെയുള്ള പരാതി. അഡ്വ. വി.എസ്.ചന്ദ്രശേഖരൻ, പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു, എന്നിവർക്കെതിരെയും പരാതി നല്കിയിട്ടുണ്ട്.