മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എം എൻ എ. എം.ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട് നൊട്ടോറിയസ് ക്രിമിനില്‍ സംഘം പൊലീസില്‍ ഉണ്ടെന്നും പാര്‍ട്ടിയെയും സര്‍ക്കാരിനെയും കളങ്കപ്പെടുത്താന്‍ അജിത് കുമാര്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച അന്‍വർ ഇദ്ദേഹത്തിന് ആര്‍എസ്എസ് പിന്തുണ നല്‍കുന്നുണ്ടെന്നും ആരേപിച്ചു.
ഓഡിയോ പുറത്തുവിട്ടത് ഗതികേട് കൊണ്ടാണെന്നും അന്‍വര്‍ വ്യക്തമാക്കി. എസ്.പി സുജിത് ദാസും അജിത് കുമാറും ഒരേ സംഘമാണെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി പിന്തുണ ഇല്ലെങ്കിലും പോരാട്ടവുമായി മുന്നോട്ട് പോകും. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ഇടപാടില്‍ സുജിത് ദാസ് കോടികള്‍ ഉണ്ടാക്കിയെന്നും അതിന്റെ തെളിവുകള്‍ പുറത്തുവിട്ടാല്‍ ഇന്ത്യ തന്നെ ഞെട്ടുമെന്നും എം എൽ എ വ്യക്തമാക്കുന്നു.
ക്രമസമാധാന ചുമതലയുള്ള അജിത്കുമാറിനെതിരേ നേരത്തെയും ആരോപണവുമായി അന്‍വര്‍ രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കാനാണ് അജിത് കുമാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. എം.എല്‍.എമാരെയും പൊതു പ്രവര്‍ത്തകരെയും ബഹുമാനിക്കരുത് എന്ന നിര്‍ദേശം അജിത് കുമാര്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ടെന്നും പൊതുജന വികാരം സര്‍ക്കാറിന് എതിരെ തിരിച്ച് വിടാന്‍ അജിത് കുമാര്‍ ശ്രമിക്കുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഹൗസിലെ മരം മുറിയിലും അന്‍വര്‍ ആരോപണമുന്നയിച്ചിരുന്നു.
എഡിജിപിയായി അജിത് കുമാർ തുടരണോയെന്നതിൽ അഭിപ്രായം പറയുന്നില്ല. പോലീസ് സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകുന്നില്ല. ആരെങ്കിലും ചോദ്യം ചെയ്താൽ കള്ളക്കേസിൽ കുടുക്കും. അതാണ് പോലീസ് രീതി. ഇനി ഇത് പറഞ്ഞില്ലെങ്കിലും ഈ പാർട്ടിയും സർക്കാരും ഒന്നുമുണ്ടാകില്ല. എഡിജിപിക്കെതിരെ അന്വേഷണം വന്നാൽ തെളിവുകൾ കൈമാറുമെന്നും പിവി അൻവർ പറഞ്ഞു.