24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരില്‍ എസ് എം എസ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

തിരുവനന്തപുരം: ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരില്‍ നടക്കുന്ന എസ് എം എസ് തട്ടിപ്പിനെ കുറിച്ച് ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്. കമ്പനിയുടെ പേരില്‍ വരുന്ന എസ് എം എസ് ക്ലിക്ക് ചെയ്യുന്നതോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുകയാണ് ചെയ്യുന്നത്. 2027ല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫര്‍ണിച്ചര്‍ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാര്‍ ചെയ്യുന്നത്. തുടര്‍ന്നുള്ള ഓരോ ബുക്കിംഗിനും നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പോലീസ് അറിയിപ്പ്.

വ്യാജ വെബ്സൈറ്റ് മുഖാന്തിരം അക്കൗണ്ട് ആരംഭിക്കാന്‍ തട്ടിപ്പുകാര്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നുണ്ട്. ഈ വെബ്‌സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്നാണ് അവര്‍ ഉപഭോക്താവിനെ ധരിപ്പിക്കുന്നത്. ഫര്‍ണിച്ചര്‍ വാങ്ങുന്നതിനു പുറമെ കൂടുതല്‍ ആളുകളെ ചേര്‍ക്കണമെന്നും ഇത്തരത്തില്‍ ചേര്‍ക്കുന്ന ഓരോരുത്തരും ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും തട്ടിപ്പുസംഘം പറഞ്ഞു വിശ്വസിപ്പിക്കുന്നുണ്ടെന്നും പോലീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഉണര്‍ത്തി.

അമിതലാഭം ഉറപ്പുനല്‍കുന്ന ജോലി വാഗ്ദാനങ്ങളിലോ ഓണ്‍ലൈന്‍ നിക്ഷേപങ്ങളിലോ ഇടപാടുകള്‍ നടത്താതിരിക്കണമെന്നും ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.
ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികള്‍ നല്‍കാമെന്നും പോലീസ് അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles