തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച അന്വേഷണത്തെ പറ്റി അറിവില്ലെന്ന് വിവരാവകാശരേഖ. തൃശൂര്‍ പൂരംകലക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് നാല് മാസമായ സാഹചര്യത്തില്‍ വിവരാവകാശ നിയമം വഴി അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ക്ക് ലഭിച്ച മറുപടിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തിറിയിച്ചത്.
ഇത്തരം ഒരു അന്വേഷണത്തെപ്പറ്റി ഒരു അറിവും ഇല്ലെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച മറുപടി. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായെന്നാണ് എ ഡി ജി പി അജിത് കുമാര്‍ അറിയിച്ചിരുന്നത്. തൃശൂര്‍ കമ്മീഷണറായിരുന്ന അങ്കിത് അശോകിന്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തിയെന്നും ചെന്നൈയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എ ഡി ജി പി പ്രതികരിച്ചത്.
ഇതിനിടെ, വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി മുന്‍മന്ത്രി വിഎസ് സുനില്‍കുമാര്‍ രംഗത്തെത്തി. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് നാല് മാസത്തിന് ശേഷവും അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണെന്നാണ്് സുനില്‍കുമാര്‍ പ്രതികരിച്ചത്. പൂരം കലക്കിയത് യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ചത്.
പൂരം കലക്കിയതിനു പിന്നില്‍ ആരൊക്കെയെന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡി ജി പിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാന്‍ ആണെങ്കില്‍ തനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയുമെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതോടപ്പം, പൂരം കലക്കിയത് മുഖ്യമന്ത്രിയെന്ന് വിവരാവകാശരേഖ തെളിയിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്‍ രംഗത്തെത്തി. സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് പൂരം കലക്കിയത്. പൂരം കലക്കിയ ആളെത്തന്നെ അന്വേഷണം ഏല്‍പ്പിച്ചെന്നും എ ഡി ജി പിയെ തൊട്ടാല്‍ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.