റിയാദ്: വിദ്യാർത്ഥി ഘോഷയാത്രയുൾപ്പടെ വിപുലമായ കലാപരിപാടികളോടെ 94- മത് സൗദി നാഷണൽ ഡേ ആഘോഷിച്ച് അലിഫ് ഇന്റർ നാഷണൽ സ്കൂൾ.
93 സംവത്സരങ്ങൾ പിന്നിട്ട സൗദി അറേബ്യയുടെ സാംസ്കാരിക മുന്നേറ്റവും വികസനക്കുതിപ്പും അടയാളപ്പെടുത്തുന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്. രണ്ടുദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളിൽ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
ആദ്യദിനം കെ ജി വിദ്യാർത്ഥികളുടെ വെൽക്കം ഡാൻസ്, ഫ്ലാഗ് ഡാൻസ്, ഫാൻസി ഡ്രസ്സ് തുടങ്ങിയ പരിപാടികൾ നടന്നു. രണ്ടാം ദിവസം സാമൂഹ്യപുരോഗതിയുടെയും സാമ്പത്തിക വളർച്ചയുടെയും സൗദി മാതൃക അടയാളപ്പെടുത്തുന്ന നിരവധി കലാപരിപാടികൾക്ക് വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി. മിലിറ്ററി ഡാൻസും സൗദിയുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന വിവിധ അവതരണങ്ങളും ശ്രദ്ധേയമായി.
പ്രൗഢമായ സംഗമത്തിന് സൗദി എയർലെൻസ് കൺസൾട്ടന്റ് മുഹമ്മദ് അൽ മശാഇരി മുഖ്യാതിഥിയായി. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ അബ്ദുൽ നാസർ മുഹമ്മദ്, ഗാസി അൽ ഉനൈസി, തലാൽ അൽ മുഹ്സിൻ എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു.
ദേശീയ ദിനാഘോഷ പരിപാടികൾക്ക് കോഡിനേറ്റർമാരായ ഫാത്തിമ റിഫാന, വിസ്മി രതീഷ് എന്നിവർ നേതൃത്വംനൽകി.
പ്രിൻസിപ്പൾ മുഹമ്മദ് മുസ്തഫ, മാനേജർ മുനീറ അൽ സഹ് ലി , അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് സ്വാഗതവും പ്രോഗാം കോഡിനേറ്റർ നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.