ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച കേരളത്തിൻ്റെ ആശങ്കകൾ കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ട് അറിയിച്ച് മന്ത്രി വി അബ്ദുറഹ്മാൻ. വഖഫ്സംബന്ധിച്ച അടിസ്ഥാന നിലപാടുകൾക്ക് നിരക്കാത്ത ഭേദഗതികൾ പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രിയോട് മന്ത്രി ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതികളുടെ വിശദമായ വിശകലനത്തിന് ഈ മാസം പത്താം തീയതി വിപുലമായ ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. ഭേദഗതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നായിരുന്നു ശിൽപ്പശാലയുടെ അഭിപ്രായം. ഭേദഗതി എങ്ങനെയാണ് വഖഫ് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുക എന്നതു സംബന്ധിച്ച് ശിൽപ്പശാലയിൽ ഉയർന്ന നിർദ്ദേശങ്ങൾ കേന്ദ്രമന്ത്രിയ്ക്ക് സമർപ്പിച്ചു.
നേരത്തേ, ജെ പിസിയ്ക്ക് ഈ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് നൽകിയിരുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനായി ജെ പി സി ക്ഷണിച്ചവരിൽ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധികൾ ഇല്ലെന്ന വിവരവും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യം പരിഹരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും മന്ത്രി അറിയിച്ചു.
അതോടൊപ്പം, കഴിഞ്ഞവർഷം കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് മക്കയിലും മദീനയിലും നേരിടേണ്ടി വന്ന പ്രയാസങ്ങൾ കേന്ദ്ര മന്ത്രിയോട് സൂചിപ്പിച്ചു. വരും വർഷങ്ങളിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാനുള്ള മുൻകരുതൽ സ്വീകരിക്കുന്നതിന് സൗദി മന്ത്രാലയവുമായി ചേർന്ന് ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി ഏർപ്പെടുത്തിയ പി.എം.ജെ.വി.കെ യിൽ സംസ്ഥാനം സമർപ്പിച്ച 400 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭ്യമാക്കണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.