തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ മൊഴിയെടുത്തു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ). ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണ വിജയൻറെ മൊഴിയെടുത്തത്.
കഴിഞ്ഞ ജനുവരിയിലാണ് മാസപ്പടിക്കേസിൽ എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിച്ചത്. വീണ വിജയൻറെ ഉടമസ്ഥതയിലുള്ള എക്സലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിലാണ് അന്വേഷണം നടത്തുന്നത്. കരിമണൽ കമ്പനിയായ സി എം ആർ എലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത ജോലിക്ക് മാസപ്പടിയായി ഇടപാട് നടത്തിയെന്നതാണ് കേസ്.
സി എം ആർ എല്ലിലെയും വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെ എസ് ഐ ഡി സിയുടെയും ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണസംഘം നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. എക്സലോജിക് സ്ഥാപനത്തിൽ നിന്നും ഇ മെയിൽ വഴിയായും നേരത്തെ വിവരങ്ങൾ തേടിയിരുന്നു. ഇതിനെ ശേഷമാണ് വീണ വിജയനെ നേരിട്ട് വിളിച്ചു വരുത്തി മൊഴിയെടുത്തത്.
ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന രെജിസ്റ്റാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിനിലാണ് വീണ വിജയനെതിരെയും എക്സലോജിക് കമ്പനിക്ക് എതിരെയും എസ് എഫ് ഐ ഒ അന്വേഷണം ആരംഭിച്ചത്.