റിയാദ്: കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷന്‍ സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവ് നവംബര്‍ എട്ട് വെളളിയാഴ്ച ഹായിലിൽ നടക്കും. കേരള നാടിനെയും പ്രവാസലോകത്തെയും പ്രതീകമാക്കി മണ്ണും മണലും എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ നാഷനൽ സാഹിത്യോത്സവ് നടക്കുന്നത്.
പ്രവാസി സാഹിത്യോത്സവ്
സാദിയിലടക്കം വിവിധ ഭൂഖണ്ഡങ്ങളിലായി 19 രാജ്യങ്ങളില്‍ വിപുലമായി നടക്കുന്നുണ്ട്. പ്രവാസി മലയാളി വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സര്‍ഗശേഷിയെയും ആവിഷ്‌കാരങ്ങളെയും കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന വേദിയായാണ് പരിപാടിയെ പ്രവാസ ലോകം കാണുന്നത്.
ഇരുന്നൂറോളം യൂനിറ്റുകളിൽ നിന്നും അൻപതോളം സെക്ടറുകളിൽ നിന്നും പതിനൊന്ന് സോണുകളിൽ നിന്നുമുള്ള വിജയികളാണ് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്. ആത്മാവ് തൊടുന്ന ആസ്വാദനങ്ങളിലൂടെ ആരോഗ്യകരമായ മത്സരങ്ങൾക്ക് സന്ദർഭമൊരുക്കുന്ന സാഹിത്യോത്സവിന്, പ്രശസ്തനായ ഹാത്തിം അൽത്തായിയുടെ നാടായ ഹായിലിൽ ബൈറുത്തിലെ ഖസർലയാലി ഓഡിറ്റോറിയത്തിൽ പത്ത് വേദികളിൽ മത്സരങ്ങൾ നടക്കും. വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ നടക്കുന്ന മത്സര പരിപാടികളിൽ
ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, എന്നീ വിഭാഗങ്ങളിലായി 60ലധികം ഇനങ്ങളിൽ അഞ്ഞുറിലധികം മത്സരാർത്ഥികൾ ഭാഗമാകുന്നതിലൂടെ പ്രവാസ ഭൂമിയിലെ ഏറ്റവും വലിയ കലാ സാഹിത്യ വിരുന്നിനാണ് വേദിയൊരുങ്ങുന്നത്. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലും സമാപന ചടങ്ങിലും സ്വദേശി പ്രമുഖരടക്കം പ്രവാസ ലോകത്തെ രാഷ്ട്രിയ സാമുഹിക സാംസ്കാരിക കലാ മാധ്യമ രംഗത്തെ പ്രമുഖ വക്ത്വിത്വങ്ങൾ പങ്കെടുക്കും.
റിപ്പോർട്ട്: അഫ്സൽ കായംകുളം