തിരുവന്തപുരം: എഡിഎം നവീൻ ബാബുവിന് പ്രശാന്ത് കൈക്കൂലി കൊടുത്തുവെന്ന് പറഞ്ഞിട്ടും കേസെടുക്കാത്തതെന്തെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രശാന്ത് വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായിട്ടും കേസില്ല. ഇതിൽ സിപിഎമ്മിന്റെ പങ്ക് ഏറെ ദുരൂഹത ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആരുടെ ബിനാമിയാണ് പ്രശാന്ത്? ആരുടേതാണ് പെട്രോൾ പമ്പ്? എന്ന് അന്വേഷിച്ചാൽ എല്ലാ രഹസ്യങ്ങളും പുറത്തുവരുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
എംവി ഗോവിന്ദന്റെ ഭാര്യയാണ് പിപി ദിവ്യയെ സ്വീകരിക്കാൻ ജയിലിൽ പോയി കാത്തുകിടന്നത്. ആളുകളെ കബളിപ്പിക്കാൻ പാർട്ടി നടപടി എടുത്തെന്ന് പറയുകയും ചെയ്യും. സിപിഎം വേട്ടക്കാർക്കൊപ്പമാണ് ഇരകൾക്കൊപ്പമല്ലെന്ന് ഇവിടെ വ്യക്തമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിൽ നിന്നും തരം താഴ്ത്തിയയാളെ സ്വീകരിക്കാൻ എന്തിനാണ് ഉന്നത നേതാക്കൾ ജയിലിൽ പോയത്? പിപി ദിവ്യയെ ഇവർ ഭയപ്പെടുന്നുണ്ടോ? എല്ലാറ്റിലും ദുരൂഹതകളാണ്. സമഗ്ര അന്വേഷണം വേണം, രഹസ്യങ്ങൾ പുറത്തുവരണം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.