ലക്‌നൗ: ഉത്തർ പ്രദേശിലെ ഝാൻസി ആശുപത്രിയിൽ പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 11 ആയി. ഷോർട്ട് സർക്യൂട്ട് മൂലമമാണ് മെഡിക്കൽകോളേജിൽ തീപിടുത്തമുണ്ടായത് എന്നാണ് സ്ഥിരീകരണം. മെഡിക്കൽ ഉപകരണങ്ങളിലെ പ്ലാസ്റ്റിക് കവറുകൾക്ക് അതി വേഗം തീ പടർന്ന് പിടിക്കുകയായിരുന്നു. അപകട സമയത്ത് ഫയർ എക്സ്റ്റിംഗ്യുഷറുകള്‍ ഒന്നും പ്രവർത്തിച്ചിരുന്നില്ല. ചികിത്സയിലുള്ള 15 പേരും നിലവിൽ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. കേസിലെ എഫ്‌ഐആറിലെ വിവരങ്ങൾ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി, പരിക്കേറ്റവർക്ക് നൽകിയ ചികിത്സ, ഇരകളുടെ കുടുംബത്തിന് നൽകിയ നഷ്ടപരിഹാരം തുടങ്ങിയ വിവരങ്ങൾ ഒരാഴ്ചക്കകം നല്കാൻ ആവശ്യപ്പെട്ടാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടിസ് അയച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയിരുന്നു സംഭവം. മെഡിക്കൽ കോളേജിലുള്ള നവജാത ശിശുക്കളുടെ തീവ്ര പരിചരണവിഭാഗത്തിലുള്ള കുട്ടികളായിരുന്നു മരണപ്പെട്ടത്.