പാലക്കാട്: കഴിഞ്ഞ ദിവസം പാണക്കാട് തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് രാഷ്ട്രീയ വിമർശനം മാത്രമാണെന്നും അതിൽ വർഗീയത കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ പ്രവർത്തിക്കുകയാണ്.
ലീഗ് ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡി പിഐയുടെയും തടവറയിലാണ്. ഇത് എല്ലാ വോട്ടർമാരും തിരിച്ചറിയണം. പാണക്കാട് തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ അദ്യക്ഷനാണ് അദ്ദേഹത്തെ വിമർശിക്കാൻ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ആർഎസ്എസിന്റെ ഭാഗമായി തികഞ്ഞ വർഗീയ പ്രചാര വേല സംഘടിപ്പിച്ചിരുന്ന ബിജെപി നേതാവ് ഇപ്പോൾ കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. അദ്ദേഹം ബിജെപി ബന്ധം ഉപേക്ഷിച്ചു എന്നേ പറഞ്ഞുള്ളൂ ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചെന്ന് പറഞ്ഞിട്ടില്ല.
പാലക്കാട് 2500 ഓളം കള്ളവോട്ടും ഇരട്ട വോട്ടും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ വ്യാജ ഐ ഡി നിർമിക്കാൻ നേതൃത്വം നൽകിയ ആളാണ്. ഇതിന് ചില ബിഎൽഒ മാർ സഹായിച്ചിട്ടുണ്ട്. ഇത് ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.