പാലക്കാട്: കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ നാളെ വോട്ടെണ്ണും. വയനാട് ലോക് സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര അസംബ്ലി മണ്ഡലങ്ങളിലുമാണ് ഉപ തെരെഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും പത്ത് മണിയോടെ ഏകദേശ ചിത്രങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജിവെച്ച വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയാണ് ജനവിധി തേടിയത്. രാഹുലിനേക്കാളും ഭൂരിപക്ഷം നേടി പ്രയങ്ക വിജയിക്കുമെന്ന കണക്കു കൂട്ടലിലാണ് യു ഡി എഫ് എന്നാൽ ഭൂരിപക്ഷം കുറക്കാൻ സത്യൻ മൊകേരിക്ക് സാധിക്കുമെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ പറയുന്നത്.
ഷാഫി പറമ്പിൽ വടകര മണ്ഡലത്തിൽ നിന്നും എംപിയായി തെരെഞ്ഞെടുത്തതിനാൽ ഒഴിവ് വന്ന പാലക്കാട് അസംബ്ലി മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലും സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്തുപോയ ഡോ. സരിനും ബിജെപിയുടെ സി കൃഷ്ണകുമാറുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മൂന്നുമുന്നണികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
മുൻ മന്ത്രി രാമകൃഷ്ണൻ എം പിയായി വിജയിച്ചതിനെ തുടർന്ന് ഒഴിവ് വന്ന ചേലക്കര മണ്ഡലത്തിൽ മുൻ എം പി രമ്യ ഹരിദാസാണ് കോൺഗ്രസിന് വേണ്ടി ജനവിധി തേടുന്നത്. യു വി പ്രദീപ് എൽഎഡിഎഫിന് വേണ്ടിയും ബാലകൃഷ്ണൻ ബിജെ പിക്ക് വേണ്ടിയും മത്സരിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും ഭരണ വിരുദ്ധ വികാരം കൊണ്ട് പിടിച്ചെടുക്കാനാവുമെന്ന കണക്കു കൂട്ടലാണ് യുഡിഎഫിനുള്ളത്