33.3 C
Saudi Arabia
Friday, August 22, 2025
spot_img

നവയുഗം കാനം രാജേന്ദ്രൻ പുരസ്ക്കാരം ശ്രീ ബിനോയ് വിശ്വത്തിന്.

ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2024 ലെ ‘കാനം രാജേന്ദ്രൻ സ്മാരക പുരസ്‌ക്കാര’ത്തിന് കേരളരാഷ്ട്രീയത്തിലെ മാതൃകവ്യക്തിത്വവും, സിപിഐ സംസ്ഥാന സെക്രട്ടറിയും, മുൻ മന്ത്രിയുമായ ശ്രീ ബിനോയ് വിശ്വത്തിനെ തെരഞ്ഞെടുത്തു.

നവയുഗം സാംസ്കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന്, ഇത്തവണ പരേതനായ ശ്രീ കാനം രാജേന്ദ്രന്റെ പേര് നൽകാൻ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിയ്ക്കുകയായിരുന്നു. കഴിഞ്ഞ നാലര  പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും, കേരളരാഷ്ട്രീയത്തിലും, സാമൂഹ്യ, സാംസ്ക്കാരിക, പരിസ്ഥിതി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബിനോയ് വിശ്വത്തെ ഈ അവാർഡിന് നവയുഗം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു.

മുൻ വൈക്കം എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥൻ, സി.കെ ഓമന എന്നിവരുടെ മകനായി 1955 നവംബർ 25-ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച ശ്രീ ബിനോയ് വിശ്വം, വൈക്കം ഗവ. ബോയ്സ്‌ ഹൈസ്കൂളിലെ എ.ഐ.എസ്‌.എഫ്‌ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എ.ഐ.എസ്.എഫ്‌ സംസ്ഥാനപ്രസിഡന്റ്‌, അഖിലേന്ത്യാ പ്രസിഡന്റ്‌, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി,   വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിൻ്റെ (WFDY) വൈസ് പ്രസിഡന്റ്  തുടങ്ങി  ഒട്ടേറെ പദവികളിൽ പ്രവർത്തിച്ചു. എം.എ, എൽ.എൽ.ബി പരീക്ഷകളിൽ മികച്ച വിജയം നേടിയ അദ്ദേഹം,  2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിക്കുകയും, 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ്‌ മന്ത്രിയായി മികച്ച പ്രവർത്തനം നടത്തുകയും ചെയ്തു. 2018 മുതൽ 2024 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും, ഗ്രന്ഥകാരനും, പത്രപ്രവർത്തകനുമായ അദ്ദേഹം ആനുകാലികങ്ങളിലൂടെ നിരവധി  ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശക്തമായ ഇടതുപക്ഷബോധം ഉയർത്തിപ്പിടിച്ചു, സാമൂഹ്യ,സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ അദ്ദേഹം പുലർത്തിയ നിസ്വാർത്ഥതയും, കളങ്കമില്ലാത്ത പൊതുജീവിതവും, സത്യസന്ധതയും, ജനപക്ഷ ആദർശങ്ങളും ഓരോ പൊതുപ്രവർത്തകനും മാതൃകയാണ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി നിരീക്ഷിച്ചു.

ഡിസംബർ 6 വെള്ളിയാഴ്ച ദമ്മാമിൽ നടക്കുന്ന “നവയുഗസന്ധ്യ-2024” എന്ന മെഗാപരിപാടിയുടെ സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറിയും, മുൻ എം.എൽ എ യുമായ സത്യൻ മൊകേരി അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.

സർവ്വശ്രീ വെളിയം ഭാര്ഗ്ഗവൻ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചർ, മുഹമ്മദ്‌ നജാത്തി, പി.ഏ.എം.ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം.കബീർ, ടി സി ഷാജി, കെ.രാജൻ  എന്നിവരായിരുന്നു മുൻവർഷങ്ങളിൽ നവയുഗം പുരസ്ക്കാരം നേടിയ വ്യക്തിത്വങ്ങൾ.

Related Articles

- Advertisement -spot_img

Latest Articles