തിരുവനന്തപുരം: നടുറോഡിൽ യുവാവിനെ കുത്തിക്കൊന്നു. ചിറയിൻകീഴ് ആനത്തലവട്ടം ജങ്ഷനിൽ വെള്ളിയാഴ്‌ച വൈകീട്ട് ആറരക്കാണ് സംഭവം. കടക്കാവൂർ തേവരുനട സ്വദേശി വിഷ്ണുപ്രസാദ് (26) ആണ് കുത്തേറ്റു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രസാദിനെ തിരുവന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോ ജയനെന്ന കൊടും കുറ്റവാളിയാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. വെൽഡിങ് സഹായിയായി ജോലിക്ക് പോകുന്ന വിഷ്ണുപ്രസാദ് അടുത്തിടെയാണ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. കൊലക്കുള്ള കാരണം വ്യക്തമല്ല.
വിഷ്ണുപ്രസാദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നിരവധി കേസുകളിൽ പ്രതിയായ ഓട്ടോ ജയന് വേണ്ടി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.